Connect with us

International

ഓര്‍ഡര്‍ ചെയ്താല്‍ അരമണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ പറന്നെത്തും

Published

|

Last Updated

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണ്‍ കമ്പനി ഓര്‍ഡറുകളെത്തിക്കാന്‍ ആളില്ലാത്ത ചെറുവിമാനം (ഡ്രോണ്‍) പരീക്ഷിക്കുന്നു. ഒക്‌ടോകോപ്‌റ്റേര്‍സ് എന്ന ഡ്രോണ്‍ വിമാനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് വളരെ പെട്ടെന്ന് സാധനങ്ങളെത്തിക്കാന്‍ സജ്ജമായിരിക്കുന്നത്. ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിച്ച് 2.3 കിലോഗ്രാം വരെ ഭാരമുള്ള ഓര്‍ഡറുകള്‍ മുപ്പത് മിനിറ്റിനുള്ളില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് ബെസോസ് അറിയിച്ചു.
“െ്രെപം എയര്‍ ” എന്നാണ് പുതിയ സര്‍വീസിന്റെ പേരിട്ടത്. ബി ബി സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. സി ബി എസ് ടെലിവിഷന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ആമസോണ്‍ മേധാവി തങ്ങളുടെ പുതിയ പദ്ധതി വിശദീകരിച്ചത്. െ്രെപം എയര്‍ സര്‍വീസ് നടത്താന്‍ കമ്പനി തയ്യാറായിട്ടുണ്ടെന്നും എന്നാല്‍, സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ സര്‍വീസ് ആരംഭിക്കാന്‍ അഞ്ച് വര്‍ഷമെടുക്കുമെന്നും ബെസോസ് വ്യക്തമാക്കി. സാധരണക്കാരുടെ ആവശ്യത്തിന് വേണ്ടി ഡ്രോണ്‍ വിമാനങ്ങളെ ഉപയോഗിക്കുന്നതിന് യു എസ് അധികൃതര്‍ അംഗീകാരം നല്‍കിയിട്ടില്ല. നിലവില്‍ പോലീസിന്റെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ആവശ്യത്തിന് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ മാത്രമേ അനുമതിയുള്ളൂ.
ആമസോണിന് ലഭിക്കുന്ന ഓര്‍ഡറുകളില്‍ 86 ശതമാനവും 2.3 കിലോഗ്രാമോ അതില്‍ കുറവോ തൂക്കമുള്ളതാണ്. അതുകൊണ്ടാണ്, ഡ്രോണിന് വഹിക്കാന്‍ കഴിയുന്ന പാഴ്‌സലിന്റെ തൂക്കം ആ പരിധിയായി നിശ്ചയിച്ചത്.
ഡെലിവറി ഡ്രോണിന്റെ ചിത്രങ്ങളും വീഡിയോയും ആമസോണ്‍ ഒരു വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Latest