കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: നിലമ്പൂരില്‍ തേക്ക് നട്ടുവളര്‍ത്തുന്നതും തടസ്സപ്പെടും

Posted on: December 3, 2013 12:13 am | Last updated: December 3, 2013 at 12:13 am

മലപ്പുറം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ലോക ഭൂപടത്തില്‍ നിലമ്പൂരിന് ഇടം നല്‍കിയ തേക്ക് ഇനി വെച്ചുപിടിപ്പിക്കാനാകില്ല. തേക്ക് തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന നിലമ്പൂര്‍ മേഖലയിലെ 10 ഗ്രാമങ്ങളാണ് പരിസ്ഥിതിലോല പ്രദേശമായി (ഇ എഫ് എല്‍) ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറുമ്പലങ്ങോട്, വഴിക്കടവ്, ചുങ്കത്തറ, അകമ്പാടം, കരുളായി, അമരമ്പലം, ചീക്കോട്, കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട് എന്നിവയാണവ. ഈ പ്രദേശങ്ങളില്‍ ഇനി തേക്ക് തോട്ടങ്ങളുള്‍പ്പെടെയുള്ള ഏകനാണ്യവിളകള്‍ വെച്ചുപിടിപ്പിക്കാന്‍ സാധിക്കില്ല.

ഒന്നര നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാര്‍ ഗവര്‍ണറായിരുന്ന എച്ച് വി കനോലിയാണ് നിലമ്പൂരിലെ തേക്കിന്റെ സംരക്ഷണ ദൗത്യം നിറവേറ്റാന്‍ മുന്നോട്ട് വന്നത്. കനോലിയുടെ നിര്‍ദേശ പ്രകാരമാണ് നിലമ്പൂരിലെ ആദ്യ തേക്ക് തോട്ടം വെച്ചുപിടിപ്പിച്ചത്. കനോലി പ്ലോട്ട് എന്ന പേരിലറിയപ്പെടുന്ന ഈ തോട്ടമാണ് ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലെ തേക്ക് തോട്ടം. തേക്കിനെ പോലെ തന്നെ മലയോര മേഖലയില്‍ ധാരാളം കൃഷി ചെയ്യുന്ന റബ്ബര്‍, അക്കേഷ്യ, യൂക്കാലിപ്റ്റ്‌സ്, കമുക്, തെങ്ങ്, കപ്പ തുടങ്ങിയ കൃഷികളും ഇനി ചെയ്യാന്‍ സാധിക്കില്ല. രാജ്യത്തെ ആദ്യത്തെ റബ്ബര്‍ പ്ലാന്റേഷന്‍ സ്ഥാപിക്കപ്പെട്ടത് പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരിയിലാണ്. സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ വിത്തുകൃഷിത്തോട്ടം സ്ഥിതി ചെയ്യുന്നതും മുണ്ടേരിയിലാണ്.
പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഈ ഗ്രാമങ്ങളെ ഉള്‍പ്പെടുത്തിയതുതന്നെ അശാസ്ത്രീയമായാണ്. ചതുരശ്ര കിലോമീറ്ററില്‍ 100ന് താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളെ മാത്രമേ ഇ എഫ് എല്‍ ആയി പ്രഖ്യാപിക്കൂവെന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുണ്ട്. എന്നിട്ടും ചതുരശ്ര കിലോമീറ്ററിന് 600 മുതല്‍ 800 വരെ ജനസംഖ്യയുള്ള വില്ലേജുകള്‍ ഇ ഇഫ് എല്‍ പരിധിയില്‍ എങ്ങനെ ഉള്‍പ്പെടുത്തിയെന്നതിന് മറുപടിയില്ല. ഇ എഫ് എല്‍ പരിധിയിലായാല്‍ ഒട്ടേറെ നിയന്ത്രണങ്ങളാണുള്ളത്. വീട് വെക്കാന്‍ പോലും കടുത്ത നിയന്ത്രണങ്ങളുണ്ടാകും. റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങി എല്ലാ മേഖലകളിലേയും വികസനത്തിന് ഇ എഫ് എല്‍ പരിധി കടിഞ്ഞാണിടും. പഞ്ചായത്തുകള്‍ക്കുള്ള വിപുലമായ പല അധികാരങ്ങളും വനം, പരിസ്ഥിതി, റവന്യൂ ഉദ്യോഗസ്ഥരിലേക്ക് ചുരുങ്ങും. വന്‍ അഴിമതിക്ക് ഇത് കളമൊരുങ്ങും. 30 ഡിഗ്രി ചെരിവില്‍ മണ്ണിളക്കിയുള്ള കൃഷി നടത്താന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഇത് ഏലം, കുരുമുളക്, മരച്ചീനി, ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, ചേന തുടങ്ങിയ കൃഷികളെയെല്ലാം ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.