Connect with us

National

ജുവനൈല്‍ നിയമ ഭേദഗതി: കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിന്റെ പശ്ചാതലത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യുന്ന കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞ് കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ക്രൂരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്ന പ്രായപൂര്‍ത്തിയാകാത്തവരെയും ക്രിമിനല്‍ കോടതികളില്‍ വിചാരണ ചെയ്യുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കേന്ദ്രത്തിന് നോട്ടീസ് നല്‍കിയത്. ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പിതാവാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തില്‍ നാലാഴ്ചക്കകം അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിനും ജസ്റ്റിസുമാരായ ബി എസ് ചൗഹാന്‍, എസ് എ ബോബ്‌ഡെ എന്നിവരങ്ങിയ ബഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതിക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായിട്ടുണ്ടോയെന്ന് മാത്രം മജസ്‌ട്രേറ്റിന് പരിശോധിക്കാന്‍ അനുവദിക്കുന്ന നിയമത്തിലെ 82, 83 വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് അഭിഭാഷകന്‍ അമന്‍ ഹിംഗോരണി കോടതിയില്‍ വാദിച്ചു. കുറ്റകൃത്യത്തിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാലുള്ള അനന്തരഫലങ്ങള്‍ മനസ്സിലാക്കാനുള്ള മാനസിക പക്വത പ്രതിക്കുണ്ടോയെന്ന് മജിസ്‌ട്രേറ്റ് പരിശോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
ഡല്‍ഹി കൂട്ട ബലാത്സംഗക്കേസില്‍ പ്രതികളിലൊരാളെ സംഭവ സമയത്ത് പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് വിചാരണ ചെയ്തത്. പ്രായപൂര്‍ത്തിയാകാന്‍ ആറ് മാസത്തിന്റെ മാത്രം കുറവാണ് അന്ന് പ്രതിക്കുണ്ടായിരുന്നുത്. ജുവനൈല്‍ നിയമ പ്രകാരം നല്‍കാവുന്ന പരമാവധി ശിക്ഷയായ മൂന്ന് വര്‍ഷമാണ് അന്ന് വിധിച്ചത്.

Latest