Connect with us

Gulf

എമിറേറ്റുകളില്‍ 2,000 കോടിയുടെ വികസനം

Published

|

Last Updated

അബുദാബി: വിവിധ എമിറേറ്റുകളില്‍ ഭവന നിര്‍മാണ പദ്ധതിക്കുള്‍പ്പെ ടെ 2,000 കോടി ദിര്‍ഹം ചെലവ് ചെയ്യുമെന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.

10,000 ഭവനങ്ങളാണ് പൗരന്മാര്‍ക്ക് പണിതു നല്‍കുക. സായിദ് ഭവന നിര്‍മാണ പദ്ധതി പ്രകാരം അഞ്ച് ലക്ഷം ദിര്‍ഹം മുതല്‍ എട്ട് ലക്ഷം വരെ സഹായം വിതരണം ചെയ്യും. ഭവന നിര്‍മാണത്തിനാണ് ഊന്നല്‍ നല്‍കുക-ശൈഖ് ഖലീഫ ദേശീയദിന സന്ദേശത്തില്‍ വ്യക്തമാക്കി. വിവിധ എമിറേറ്റുകളില്‍ പൊതുമരാമത്ത് പണികള്‍ നടത്തും. പൗരന്മാരുടെ ക്ഷേമത്തിന് ഭരണകൂടം ഏറെ മുന്‍തൂക്കം നല്‍കുന്നു.
ബജറ്റിന്റെ 50 ശതമാനം സാമൂഹിക ക്ഷേമത്തിനാണ് നീക്കിവെച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, ഇസ്‌ലാമിക കാര്യം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധചെലുത്തും. സ്വദേശികളുടെ 50 ലക്ഷം ദിര്‍ഹം വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും.
പ്രാദേശിക തൊഴില്‍ കമ്പോളത്തില്‍ സ്വദേശിവത്കരണത്തിനുള്ള കടമ്പകള്‍ തരണം ചെയ്യും. ഉത്പാദനത്തിന് വിദേശ തൊഴിലാളികളെ വലുതായി ആശ്രയിക്കുന്നതിനു പകരം നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹന ജനകമാണ്.
വിദേശ കാര്യത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ സമീപനം തുടരും. ദേശീയ സുരക്ഷിതത്വമാണ് അടിസ്ഥാന ഘടകം. അറബ് രാജ്യങ്ങളിലെ ഐക്യം ശക്തിപ്പെടുത്താന്‍ ശ്രമം തുടരും. ഭീകരതക്കും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തും. അതേസമയം യു എ ഇക്ക് അവകാശപ്പെട്ട മൂന്ന് ദ്വീപുകള്‍ പൂര്‍ണമായും ലഭ്യമാകുന്നതിന് രാജ്യാന്തര നീതിന്യായ വ്യവസ്ഥയുടെ സഹായം തേടും. ആണവ സമ്പുഷ്ടീകരണ വിഷയത്തില്‍ ഇറാനും മുന്‍ നിര രാജ്യങ്ങളും ധാരണയിലെത്തിയത് മേഖലക്ക് ഗുണകരമാണെന്ന് വിലയിരുത്തുന്നു.
എന്റെ സഹോദരതുല്യന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ അഭിനന്ദിക്കാന്‍ ഈ സന്ദര്‍ഭം വിനിയോഗിക്കുകയാണെന്നും ശൈഖ് ഖലീഫ പറഞ്ഞു.