ബെയ്‌ലിക്ക് ഹാട്രിക്ക്; റയലിന് തകര്‍പ്പന്‍ ജയം

Posted on: December 1, 2013 11:08 am | Last updated: December 1, 2013 at 11:19 am

baleമാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ സാന്റിയാഗോ ബെര്‍നേബുവില്‍ റയലിന്റെ വെയ്ല്‍സ് താരം ഗാരത് ബെയ്ല്‍ തകര്‍ത്താടി. ബെയ്‌ലിന്റെ ഹാട്രിക്ക് മികവില്‍ റയല്‍ വല്ലഡോളിഡിനെ 4-0ന് തകര്‍ത്തു. റയലിന്റെ മറ്റൊരു ഗോള്‍ നേടിയത് ഫ്രഞ്ച് താരം കരീം ബെന്‍സീമയാണ്.

കളിയില്‍ റയലിന് ധാരാളം ഗോളവസരങ്ങള്‍ ലഭിച്ചിരുന്നു. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ റയലിന് ഗോളിന് അവസരം ലഭിച്ചു. സാബി അലോണ്‍സോയുടെ കോര്‍ണര്‍ കിക്കില്‍ തലവെച്ച സെര്‍ജിയോ റാമോസിന് പിഴക്കുകയായിരുന്നു. മുപ്പത്തിമൂന്നാം മിനുട്ടിലാണ് റയലിന്റെ ആദ്യഗോള്‍ പിറന്നത്. അര്‍ജന്റൈന്‍ താരം എഞ്ചല്‍ ഡി മരിയയുടെ ശക്തമായ ക്രോസില്‍ തലവെച്ചായിരുന്നു ബെയ്‌ലി സീസണിലെ തന്റെ അഞ്ചാം ഗോള്‍ സ്വന്തമാക്കിയത്. പിന്നീട് മൂന്നു മിനുട്ടുകള്‍ക്കുശേഷം കരീം ബെന്‍സീമയുടെ വക ഗോള്‍ പിറന്നു. പിന്നീട് 64, 89 മിനുട്ടുകളിലായിരുന്നു ഗാരത് ബെയ്‌ലിന്റെ മറ്റു രണ്ടു ഗോളുകളും പിറന്നത്.

ലീഗില്‍ ബാഴ്‌സലോണക്കും അത്‌ലറ്റികോ മാഡ്രിഡിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. പതിനേഴാം സ്ഥാനത്താണ് വല്ലഡോളിഡ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കാര്‍ഡിഫ് സിറ്റിയെ ആഴ്‌സണല്‍ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു. ആഴ്‌സണലിന് വേണ്ടി ആരോണ്‍ റാംസെ രണ്ടും മാത്യൂ ഫ്‌ലാമിനി ഒരു ഗോളും നേടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണല്‍ ഈ വിജയത്തോടെ പോയിന്റ് വര്‍ധിപ്പിച്ചു.