Connect with us

Kozhikode

മലയോര ഹര്‍ത്താലിനിടെ അക്രമം: അഞ്ച് പേര്‍ അറസ്റ്റില്‍

Published

|

Last Updated

താമരശ്ശേരി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ മലയോര ഹര്‍ത്താലിനിടെ അടിവാരത്ത് പോലീസിനെ അക്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. അടിവാരം, എലിക്കാട് ഭാഗങ്ങളില്‍ പോലീസിനെ തടഞ്ഞുവെക്കുകയും കല്ലെറിഞ്ഞ് പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. അടിവാരം സ്വദേശികളായ വാഴയില്‍ ഷംസീര്‍ (26), പൊട്ടിക്കൈ തിയ്യക്കണ്ടി അഷ്‌റഫ് (47), വലിയാലുമ്മല്‍ ഉനൈസ് (19), പൊങ്ങലത്ത് ചാലില്‍ ഷംനാദ് (19), അടിവാരത്തെ വ്യാപാരിയായ നൂറാംതോട് വാളനാകുഴിയില്‍ ബിനോയ് (42) എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരി കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. അന്യായമായി സംഘം ചേരല്‍, പോലീസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനെത്തിയ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ് കേസെടുത്തത്.
അക്രമസമയത്ത് പോലീസ് പകര്‍ത്തിയ ദൃശ്യങ്ങളും നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളും പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള തെളിവുകളും പോലീസ് ശേഖരിച്ചിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നെങ്കിലും വ്യക്തമായ തെളിവ് ലഭിക്കാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ ശാസ്ത്രീയ പരിശോധനകളിലൂടെയാണ് പ്രതികളെ കണ്ടെത്തുന്നതെന്ന് താമരശ്ശേരി ഡി വൈ എസ് പി ജെയ്‌സണ്‍ കെ അബ്രഹാം, പ്രത്യേക അന്വേഷണ സംഘത്തലവന്‍ ക്രൈം ഡിറ്റാര്‍ച്ച് മെന്റ് ഡി വൈ എസ് പി. പി പി സദാനന്ദന്‍ എന്നിവര്‍ പറഞ്ഞു. പോലീസ് വാഹനം കത്തിച്ച കേസുമായി അറസ്റ്റിലായവര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അക്രമങ്ങളില്‍ നേരിട്ട് പങ്കാളികളായ ഏതാനും പേര്‍ പോലീസിന്റെ വലയിലായതായും സൂചനയുണ്ട്.