Connect with us

Articles

ജനീവ ഉടമ്പടി ആഘോഷിക്കാന്‍ വരട്ടെ

Published

|

Last Updated

സാമ്രാജ്യത്വം സൃഷ്ടിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് പുറത്തു കടക്കാനുള്ള മാര്‍ഗങ്ങള്‍ ചില ഘട്ടങ്ങളില്‍ അത് സ്വയം കണ്ടെത്താറുണ്ട്. ചരിത്രത്തിലുടനീളം ഇത്തരം സന്ദര്‍ഭങ്ങള്‍ കാണാനാകും. അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി നടക്കുന്ന ചര്‍ച്ചകള്‍ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഇറാനുമായി വന്‍ ശക്തികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങള്‍ എത്തിച്ചേര്‍ന്ന കരാറിനെയും ഈ ഗണത്തില്‍ പെടുത്തേണ്ടിയിരിക്കുന്നു. കരാറിന്റെ ഗുണഭോക്താവ് ഇറാനാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ആഴത്തില്‍ പരിശോധിച്ചാല്‍ ഈ കരാര്‍ സാമ്രാജ്യത്വത്തിന്റെ കൂടി ആവശ്യമാണെന്ന് വ്യക്തമാകും. ഇറാന്റെ ആണവ പരിപാടികള്‍ ലോകത്തിന് ഭീഷണിയാണെന്ന് തെളിയിക്കാന്‍ അമേരിക്കക്കും കൂട്ടാളികള്‍ക്കും ഒരു ഘട്ടത്തിലും സാധിച്ചിട്ടില്ല. ഇസ്‌റാഈല്‍ ഉയര്‍ത്തുന്ന മിഥ്യാ ഭീതിക്കപ്പുറം ഇറാനെ ഒരു പൊതു പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുന്നതിലും അമേരിക്ക പൂര്‍ണ വിജയം കൈവരിച്ചിട്ടില്ല. സിറിയയിലെ ഇടപെടല്‍, ബഹ്‌റൈനിലെ പ്രക്ഷോഭം, ഈജിപ്തുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി സൃഷ്ടിച്ചെടുത്ത രാക്ഷസവത്കരണം അറബ് മേഖലയില്‍ ഇറാന്റെ പ്രതിച്ഛായക്ക് വലിയ പരുക്കേല്‍പ്പിച്ചുവെന്നത് മാത്രമാണ് വസ്തുത. ഇറാഖിലെ ഇടപെടലാണെങ്കില്‍ അമേരിക്കയുടെ കാര്‍മികത്വത്തില്‍ ആയിരുന്നു താനും. വംശീയതയിലധിഷ്ഠിതമായ ഒറ്റപ്പെടുത്തലിന് ഇറാന്റെ ചില നയങ്ങള്‍ വഴിവെച്ചിട്ടുണ്ടെന്നതും വസ്തുതയാണ്. പക്ഷേ, അതെല്ലാം മധ്യ പൗരസ്ത്യ ദേശത്ത് നിലനില്‍ക്കുന്ന ഇറാന്‍ പേടിയെ ഇന്നത്തെ നിലയില്‍ രൂക്ഷമാക്കിയതിന് ന്യായീകരണമാകില്ല. പര്‍വതീകരിക്കപ്പെട്ട അധമ പ്രതിച്ഛായക്ക് പുറത്ത് കെട്ടിപ്പടുത്ത ഒന്നായിരുന്നു ഒരു പരിധിവരെ ഇറാന്‍ പേടിയെന്ന് ചുരുക്കം. മുസ്‌ലിം ലോകത്തെ എക്കാലത്തും വിഭജിച്ച് നിര്‍ത്തുകയെന്ന രാഷ്ട്രീയ തന്ത്രത്തിന് വംശീയതയെ ഫലപ്രദമായി ഉപയോഗിച്ചുവെന്നതാണ് ഇറാന്റെ കാര്യത്തില്‍ സംഭവിച്ചത്.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തിരിച്ചും മറിച്ചും പരിശോധിച്ചിട്ട് തെളിവ് കണ്ടെത്താനാകാത്ത ആരോപണങ്ങള്‍ക്ക് പുറത്താണ് ക്രൂരമായ ഉപരോധങ്ങള്‍ ആ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചത്. സ്വന്തം നീക്കിയിരിപ്പ് പണം പോലും ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതി. വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേക്ക് മാത്രമായി ചുരുങ്ങിപ്പോയ വ്യാപാര ദിശ. എണ്ണ, പ്രകൃതിവാതക സമ്പത്ത് ഫലപ്രദമായി ഉപയോഗിക്കാനാകാത്ത സ്ഥിതി. ഇറക്കുമതിയും കയറ്റുമതിയും ഞെരുക്കിക്കളഞ്ഞതിനാല്‍ വിപണിയില്‍ രൂപപ്പെട്ട മാന്ദ്യം, സാങ്കേതികമായ വികാസങ്ങള്‍ അന്യമാകുന്നുവെന്ന അനീതി. ഉപരോധത്തിന്റെ ഭാഗമായി രൂപപ്പെടുന്ന സാമ്പത്തിക പിന്നാക്കാവസ്ഥ. ഭരണ പ്രതിസന്ധി. ഇത്തരം ആഭ്യന്തര പ്രതിസന്ധികള്‍ക്കിടയിലും ഇസ്‌റാഈലിനെയും അതുവഴി നവ സാമ്രാജ്യത്വത്തെയും തുറന്നു കാണിക്കുന്നതില്‍ ഇറാന്‍ ധൈര്യം കാണിച്ചു. 2003 മുതല്‍ ഇറാന്‍ ആണവ സമ്പുഷ്ടീകരണം നടത്തുന്നുണ്ടെന്നാണ് പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍ ആരോപിക്കുന്നത്. ഈ സമ്പുഷ്ടീകരണ പ്രക്രിയകള്‍ സൈനിക ആവശ്യത്തിനുള്ളതാണെന്ന് അവര്‍ തീര്‍പ്പ് കല്‍പ്പിച്ചു. ഇസ്‌റാഈല്‍ അന്താരാഷ്ട്ര വേദികളിലും അമേരിക്കയിലും നടത്തിയ പ്രചണ്ഡ പ്രചാരണങ്ങള്‍ കൂടിയായപ്പോള്‍ തലങ്ങും വിലങ്ങും ഉപരോധങ്ങള്‍ വന്നു. അമേരിക്കന്‍ പക്ഷത്ത് നില്‍ക്കുന്ന അറബ് ഭരണാധികാരികളും ഇതിന് കൂട്ട്‌നിന്നു. ലോകത്താകെ ഈ ഉപരോധത്തെ അവഗണിച്ച് ഇറാനുമായി സാമ്പത്തിക, സൈനിക ബന്ധം സൂക്ഷിച്ചത് വെനിസ്വേല അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മാത്രമാണ്. ഏകധ്രുവക ലോകമാണ് നിലനില്‍ക്കുന്നതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു ഈ ഉപരോധങ്ങള്‍. അമേരിക്കയുടെ തീട്ടൂരങ്ങള്‍ അപ്പടി അനുസരിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉപരോധത്തെ കൂടുതല്‍ മാരകമാക്കി. ആണവ ആയുധങ്ങള്‍ വേണ്ടുവോളം കൈവശം വെക്കുകയും നിര്‍ബാധം കച്ചവടം നടത്തുകയും ചെയ്യുന്ന രാജ്യങ്ങളാണ് ഇറാനെ ശിക്ഷിക്കാനിറങ്ങിയത്. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പ് വെച്ച ഇറാന്‍ ഒരു ഭാഗത്ത്. കരാറില്‍ ഒപ്പ് വെക്കാത്ത ഇസ്‌റാഈല്‍ മറുഭാഗത്ത്. ആയുധ പന്തയം തകൃതിയായി നടക്കുന്ന ലോകക്രമം. തങ്ങളുടെ ആണവ പരിപാടി തികച്ചും സമാധാനപരമാണെന്ന് ആണയിടുന്ന ഇറാന്‍. ഈ വിപരീതങ്ങള്‍ക്കിടയിലാണ് ഉപരോധവും ഒറ്റപ്പെടുത്തലും അരങ്ങേറിയത്.
രാസായുധ പ്രയോഗം ചൂണ്ടിക്കാട്ടി സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് എടുത്തു ചാടാനുള്ള അമേരിക്കന്‍ കുതന്ത്രം റഷ്യയുടെ ഇച്ഛാശക്തിക്ക് പുറത്ത് തകര്‍ന്നു തരിപ്പണമായപ്പോള്‍ തന്നെ ഇറാന്റെ കാര്യത്തില്‍ നീക്കുപോക്ക് പ്രവചിക്കപ്പെട്ടിരുന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ നയതന്ത്ര വിജയമായിരുന്നു സിറിയന്‍ കരാര്‍. ഏകധ്രുവകമല്ലാത്ത ലോകം സാധ്യമാണെന്ന പ്രതീക്ഷ പകരുന്നതായിരുന്നു ആ കരാര്‍. സിറിയ വലിയ തോതില്‍ നിരായുധമാകുന്നുണ്ടെങ്കിലും റഷ്യയുടെ രക്ഷാകര്‍തൃത്വവും അതുവഴി ഒരു ബദല്‍ ചേരിയും രൂപപ്പെടുന്നതില്‍ കരാര്‍ വഴി വെച്ചു. ഇനി വരാനിരിക്കുന്ന എല്ലാ നയതന്ത്ര ചര്‍ച്ചകളെയും ഈ കരാര്‍ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തി. തീര്‍ച്ചയായും അത് ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഇറാനും അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളും എത്തിച്ചേര്‍ന്ന ഉടമ്പടി. പുതിയ സാഹചര്യത്തില്‍ ഉപരോധം ദീര്‍ഘകാലം ഇതേ ശക്തിയോടെ നിലനിര്‍ത്താനാകില്ലെന്ന് അമേരിക്ക തിരിച്ചറിയുന്നുണ്ട്. ജനീവ കരാര്‍ സാധ്യമാക്കിയതില്‍ ഈ തിരിച്ചറിവിന് നിര്‍ണായക പ്രധാന്യമുണ്ട്. അതിലെല്ലാമുപരി ആഭ്യന്തരമായി അമേരിക്ക അനുഭവിക്കുന്ന പ്രതിസന്ധി ഇത്തരം വീട്ടുവീഴ്ചകളിലേക്ക് അവരെ തള്ളിവിടുന്നു.
ഇരുകൂട്ടര്‍ക്കും വ്യാഖ്യാനിച്ച് വിജയം അവകാശപ്പെടാവുന്ന ഇടങ്ങള്‍ അവശേഷിപ്പിച്ച ഉടമ്പടിയാണ് ജനീവയില്‍ പിറന്നത്. ഇറാന്റെ ആണവ പരിപാടി പൂര്‍ണമായി അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ നടപടിക്രമങ്ങള്‍ ഉടമ്പടിയിലുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നു. ആറ് മാസത്തേക്കാണ് ഉടമ്പടി. ഇക്കാലയളവില്‍ യുറേനിയം സമ്പുഷ്ടീകരണ തീവ്രത ഇറാന്‍ അഞ്ച് ശതമാനത്തിലൊതുക്കണം. 20 ശതമാനം വരെ സമ്പുഷ്ടീകരിച്ചു വെച്ചിട്ടുള്ള യുറേനിയം ഓക്‌സൈഡുകളാക്കി പരിവര്‍ത്തിപ്പിക്കും. നതാന്‍സ്, ഫോര്‍ഡോ, അറാക്ക് ആണവ നിലയങ്ങളില്‍ ദൈനംദിന പരിശോധന അനുവദിക്കും. ആണവ പരീക്ഷണങ്ങള്‍ തീര്‍ത്തും സമാധാനപരമാണെന്ന് ആറ് മാസത്തിനകം തെളിയിക്കാന്‍ ഇറാനു സാധിച്ചാല്‍ ദീര്‍ഘകാല കരാറില്‍ ഒപ്പ് വെക്കും. ഇതിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വം ഇറാന് ആയിരിക്കും. പകരം ഇറാന് മേല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഉപരോധങ്ങള്‍ ഇളവ് ചെയ്യും. പുതിയ ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കില്ല. ഉപരോധത്തിന്റെ ഭാഗമായി നിര്‍ത്തിവെക്കപ്പെട്ട വ്യാപാര ബന്ധങ്ങള്‍ തുടരാന്‍ മറ്റ് ലോക രാജ്യങ്ങള്‍ക്ക് സാധിക്കും. പ്രസിഡന്റ് ഹസന്‍ റൂഹാനിയെയും വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവീദ് ള്വരീഫിനെയും ഇറാന്‍ ജനത ആവേശപൂര്‍വം അഭിവാദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇത് പുതിയ ചക്രവാളം തുറക്കലാണെന്ന് ഹസന്‍ റൂഹാനി ട്വിറ്ററില്‍ പ്രതികരിച്ചു. എന്നാല്‍, അത്രമാത്രം ആഘോഷിക്കാന്‍ വകുപ്പുണ്ടോ ഈ ഉടമ്പടിയില്‍? മേഖലയിലെ ഒരേയൊരു ആണവ ശക്തിയാകാന്‍ ഇസ്‌റാഈലിനെ അനുവദിക്കുന്നു ഈ ഉടമ്പടി. സമാധാനപരമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും യു എന്‍ ഏജന്‍സി സ്ഥിരീകരിക്കുകയും ചെയ്ത ആണവ പരിപാടി തൊണ്ണൂറ് ശതമാനം ഉപേക്ഷിക്കുക വഴി സ്വയം നിര്‍ണയാവകാശത്തെയാണ് ഇറാന്‍ അടിയറ വെക്കുന്നത്. പകരം കിട്ടുന്ന ഉപരോധ ഇളവിന് അത്ര കനം പോര താനും. 10,000 കോടി ഡോളറിലേറെ വരുന്ന സ്വത്തുക്കള്‍ വിവിധ രാജ്യങ്ങളിലായി മരവിപ്പിക്കപ്പെട്ട് കിടക്കുന്നുണ്ട്. ഇതില്‍ 600-700 കോടി ഡോളര്‍ മാത്രമാണ് മോചിതമാകുന്നത്.
എന്നാല്‍, ഇറാന് സ്വന്തം ജനതയോട് പറഞ്ഞു നില്‍ക്കാനും സ്വയം സമാധാനിക്കാനുമുള്ള സാധ്യതകള്‍ ഉടമ്പടിയില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. മൂന്നര ശതമാനമാക്കി സമ്പുഷ്ടീകരണം വെട്ടിക്കുറക്കണമെന്ന ഫ്രാന്‍സ് അടക്കമുള്ളവയുടെ കാര്‍ക്കശ്യത്തിന് വഴങ്ങിയില്ലെന്ന് റൂഹാനിക്ക് പറയാം. സമ്പുഷ്ടീകരണത്തിനുള്ള അവകാശം നാമമാത്രമായെങ്കിലും നിലനിര്‍ത്തിയെന്നതും ഭരണകൂടത്തിന് ഉയര്‍ത്തിക്കാണിക്കാം. ആണവ പരീക്ഷണത്തിനുള്ള ഇറാന്റെ അവകാശം അന്താരാഷ്ട്ര വേദിയില്‍ സ്ഥാപിച്ചെടുത്തുവെന്ന തരത്തിലാണ് ഖംനഈ പോലും വ്യാഖ്യാനിക്കുന്നത്. അമേരിക്കയാണെങ്കില്‍ “ബോംബിന്റെ വഴിയിലേക്കുള്ള ഇറാന്റെ സഞ്ചാരത്തെ തടഞ്ഞു”വെന്നാണ് അവകാശപ്പെടുന്നത്.
ഇസ്‌റാഈല്‍ താത്കാലികമായെങ്കിലും ഒറ്റപ്പെട്ടുവെന്നതാണ് ഈ ഉടമ്പടിയുടെ യഥാര്‍ഥ നേട്ടം. ജൂതരാഷ്ട്രത്തിന്റെ പിടിവാശിയും യുദ്ധത്വരയും അന്താരാഷ്ട്ര സമൂഹത്തില്‍ തുറന്നു കാണിക്കാന്‍ സാധിച്ചു. ഇറാനുമായുള്ള സമവായശ്രമങ്ങള്‍ തകര്‍ക്കാന്‍ ഓടി നടന്ന ബെഞ്ചമിന്‍ നെതന്യാഹു ശരിക്കും പരിഹാസ്യനായിരിക്കുന്നു. ഫ്രാന്‍സിനെ പുതിയ രക്ഷകയായി അവതരിപ്പിക്കാനുള്ള ശ്രമം വിജയത്തിന്റെ വക്കത്തെത്തിയിരുന്നു. എന്നാല്‍, ഇസ്‌റാഈലിന്റെ അതേ അളവിലുള്ള ഒറ്റപ്പെടല്‍ തങ്ങളെയും ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ ഫ്രാന്‍സ് അവസാന നിമിഷം ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചു. റിയാദിനും നീരസമുണ്ട്. പക്ഷേ, കാര്യമായി പുറത്തു പറയാതിരിക്കാനുള്ള ബുദ്ധി അവരും പുറത്തെടുക്കുന്നു.
ഗതികേടില്‍ നിന്ന് ഉരുത്തിരിഞ്ഞ നയതന്ത്രം. ഈ ഉടമ്പടി ആറ്റിക്കുറുക്കിയാല്‍ കിട്ടുന്നത് അത്രമാത്രമാണ്. ഉപരോധം കൊണ്ട് പരിക്ഷീണമായ ഇറാന്റെ ഗതികേട്. പുതിയ ശാക്തിക ചേരിയിലും സാമ്പത്തിക പ്രതിസന്ധിയിലും പഴയ മാടമ്പിത്തരം നിലനിര്‍ത്താനാകാത്ത അമേരിക്കയുടെ ഗതികേട്. ലോകത്തിന് ആശ്വസിക്കാം. ഇറാന്‍ ആക്രമിക്കപ്പെടുമ്പോഴുണ്ടാകുമായിരുന്ന ഊര്‍ജ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെട്ടല്ലോ. എന്നാല്‍, ഇറാന്‍ ഭരണാധികാരികള്‍ക്ക് ആശ്വസിക്കണമെങ്കില്‍ ഇനിയും ഏറെ മുന്നോട്ടു പോകണം. ഉപരോധം അയയുന്നതിന്റെ ഗുണഫലങ്ങള്‍ സ്വന്തം ജനതക്ക് അനുഭവവേദ്യമാക്കണം. മേഖലയിലെ പ്രശ്‌നങ്ങളോട് കുറേക്കൂടി ശ്രദ്ധിച്ച് പ്രതികരിക്കണം. സമവായത്തിന്റെ പഴുതിലൂടെ കടന്നുവരുന്ന പാശ്ചാത്യമൂല്യങ്ങളെ പ്രതിരോധിക്കുകയും വേണം.

musthafaerrakkal@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്