ജില്ലാ കേരളോത്സവത്തിന് ഇന്ന് തിരിതെളിയും

Posted on: November 30, 2013 5:24 am | Last updated: November 30, 2013 at 10:25 am

കോഴിക്കോട്: ജില്ലാ കേരളോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ ഒമ്പത് മണിക്ക് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഗ്രൗണ്ടില്‍ എ കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. അത്‌ലറ്റിക്‌സ് മത്സരങ്ങളോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്.
നാളെ തളി സാമൂതിരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരവും സിവില്‍ സ്റ്റേഷന്‍ എന്‍ജിനീയേഴ്‌സ് ഹാളില്‍ ഷട്ടില്‍ ബാഡ്മിന്റണും നടക്കും. രണ്ട് മുതല്‍ നാല് വരെ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരം നടക്കും. മൂന്നിന് സിവില്‍ സ്റ്റേഷന് സമീപമുളള എക്‌സ്‌ക്ലൂസിവ് ക്ലബിലാണ് നീന്തല്‍ മത്സരം. എലത്തൂര്‍ പുതിയനിരത്ത് ഗ്രൗണ്ടില്‍ മൂന്നിന് പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമുള്ള വടംവലി മത്സരവും അഞ്ചിന് കബഡി മത്സരവും നടക്കും. രണ്ട് മുതല്‍ മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരം, ഡിസംബര്‍ നാലിന് കുന്ദമംഗലം പാറ്റേണ്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമുളള വോളിബോള്‍, എലത്തൂര്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ് കമ്മ്യൂനിറ്റി ഹാളില്‍ കളരിപ്പയറ്റ്, പഞ്ചഗുസ്തി മത്സരങ്ങള്‍ നടക്കും.
എലത്തൂര്‍ സി എം സി ബോയ്‌സ് ഹൈസ്‌കൂള്‍ ഹാളില്‍ ഡിസംബര്‍ മൂന്നിന് രചനാ മത്സരങ്ങള്‍ നടക്കും. ഡിസംബര്‍ ആറിന് വൈകീട്ട് ഘോഷയാത്രയും സംഘടിപ്പിക്കും. ഡിസംബര്‍ ഏഴ് മുതല്‍ കലാ മത്സരങ്ങള്‍ ആരംഭിക്കും. സി എം സി ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ഹൈസ്‌കൂള്‍, എ പി എല്‍ പി സ്‌കൂള്‍, ജി എം എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കലാമത്സരങ്ങള്‍ അരങ്ങേറുക.