ഇന്ത്യയെ വര്‍ഗീയവല്‍ക്കരിക്കാന്‍ മോഡിയും ആര്‍ എസ് എസ്സും ശ്രമിക്കുന്നു: പ്രകാശ് കാരാട്ട്

Posted on: November 30, 2013 10:15 am | Last updated: November 30, 2013 at 10:19 am

പാലക്കാട്: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമാണ് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡിയും ആര്‍ എസ് എസ്സും ശ്രമിക്കുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
സി പി എം സംസ്ഥാന പ്ലീനത്തോടനുബന്ധിച്ച് പാലക്കാട്ട് നടന്ന സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുരാഷ്ട്രത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുക എന്ന ഹിഡന്‍ അജണ്ടയാണ് ഇവര്‍ക്കുള്ളത്. വന്‍കിട ബിസിനസ് മാഫിയയാണ് മോഡിയെ പ്രധാനമന്ത്രിയായി അവരോധിക്കുന്നത്. സാമ്രാജ്യത്വ മൂലധന ശക്തികളുടെ താല്‍പ്പര്യങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ നന്നായി നടപ്പിലാക്കുമെന്നതാണ് മോഡി പറഞ്ഞുകൊണ്ടിരിക്കുന്നത്.
അധികാരത്തിലെത്താന്‍ ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയധ്രുവീകരണം നടത്താനാണ് ഇവരുടെ ശ്രമം. അതിനായി ഉത്തര്‍പ്രദേശിലെയും ബീഹാറിലേയും വിവിധ സ്ഥലങ്ങളില്‍ വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുകയാണിവര്‍. യു പിയിലെ മുസാഫര്‍ നഗറില്‍ ബി ജെ പി ഉണ്ടാക്കിയ വര്‍ഗീയ കലാപത്തില്‍ 40, 000 മുസ്ലീങ്ങളാണ് അഭയാര്‍ഥികളായത്. അവരുടെ വീടുകളും സ്വത്തുക്കളും കൊള്ളയടിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തു. കലാപത്തിന്റെ പേരില്‍ 3 ബി ജെ പി എം എല്‍ എമാരേയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് സ്വീകരണം നല്‍കിയ ആഗ്രാറാലിയില്‍ മുഖ്യാതിഥിയായിരുന്നു നരേന്ദ്രമോഡി. സ്ഥിരതയാര്‍ന്ന മതനിരപേക്ഷതയില്ലാത്ത കോണ്‍ഗ്രസിന് മോഡിയുടെ വര്‍ഗീയ വല്‍ക്കരണം തടയാനാകില്ല. ഹിന്ദുദേശീയ വാദിയാണെന്ന പ്രഖ്യാപനത്തിലൂടെ മോഡി ഇന്ത്യയുടെ ദേശീയതയേയും അഖണ്ഡതയേയുമാണ് ച്ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്നത്. ഈ ശക്തികളെ അധികാരത്തില്‍ നിന്നകറ്റാന്‍ ഇടതുപക്ഷ ശക്തികളുടെ നേതൃത്വത്തിലുള്ള മതേതര ബദലിനുമാത്രമേ കഴിയുകയുള്ളൂ.
അതിനുള്ള ശ്രമത്തിലാണ് സി പി എം ഏര്‍പ്പെട്ടിരിക്കുന്നത്. കേരളത്തിലും രാഷ്ട്രീയ പുനക്രമീകരണങ്ങളും മാറ്റങ്ങളുമുണ്ടാകും. പ്ലീനം ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.