Connect with us

Malappuram

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം വേണം: മന്ത്രി

Published

|

Last Updated

തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം. ആശുപത്രിയുടെ പ്രവര്‍ത്തനം, വികസന കാര്യങ്ങള്‍, പരാതികള്‍ തുടങ്ങിയവയെക്കുറിച്ച് അവലോകനം നടത്താന്‍ വളിച്ചുചേര്‍ത്ത യോഗത്തിലാണ് സ്ഥലം എം എല്‍ എ കൂടിയായ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുര്‍റബ്ബ് ആശുപത്രി ജീവനക്കാരെ രൂക്ഷമായി വിമര്‍ശിച്ചത്.
ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ താന്‍ തീര്‍ത്തും അസംതൃപ്തനാണെന്ന് മന്ത്രി തുറന്നു പറഞ്ഞു. ആശുപത്രിയില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നരീതിയിലാണ് പെരുമാറുന്നത്.സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് ആശുപത്രി വികസന കാര്യങ്ങളിലും ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കാര്യത്തിലും ഉദ്യോഗസ്ഥര്‍ പിറകോട്ടടിക്കുകയാണെന്നും മന്ത്രി കുറ്റപ്പടുത്തി.
ആശുപത്രി അത്യാഹിത വിഭാഗത്തില്‍ മുഴുസമയ ഡോക്ടര്‍മാരുടെ സേവനം വേണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. നാലുവര്‍ഷമായി അടഞ്ഞുകിടക്കുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ അടുത്തമാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തിക്കാനും ബ്ലഡ്ബാങ്ക് നിലവിലുള്ള ജീവനക്കാരെക്കൊണ്ട് തന്നെ പ്രവര്‍ത്തിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രിയിലെ വോള്‍ട്ടേജ് പ്രശ്‌നം പരിഹരിക്കുന്നതിന് ആശുപത്രി കോമ്പൗണ്ടിലൂടെ ട്രാന്‍സ്‌ഫോര്‍മര്‍ ആശുപത്രിക്ക് സ്വന്തമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുന്നതിന് കെ എസ് ഇ ബി അസി. എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഓപ്പറേഷന്‍ തിയേറ്ററിന് ഉപകരണങ്ങള്‍ വാങ്ങാന്‍ ഓപ്പണ്‍ ടെണ്ടര്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ആശുപത്രി വികസന കാര്യത്തില്‍ ഫണ്ടിന്റെ കുറവ്മൂലം തടസം ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
മോര്‍ച്ചറിയുടെ നവീകരണത്തിന് ആവശ്യമായ സഹായങ്ങള്‍ അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മന്ത്രിക്ക് പുറമെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ഡിഎം ഒ. ഡോ.ഉമറുല്‍ഫാറൂഖ്, ബ്ലോക്ക് പ്രസിഡന്റ് വി വി ജമീല, ആശുപത്രി സൂപ്രണ്ട് ഡോ. മോഹനന്‍ മമ്മുണ്ണി, എം എ ഖാദര്‍, അരിമ്പ്ര മുഹമ്മദ് വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു.