Connect with us

Malappuram

തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കും

Published

|

Last Updated

തിരൂരങ്ങാടി: മുസ്‌ലിം ലീഗിലെ ഭിന്നത മറനീക്കി പുറത്ത് വന്നതോടെ തിരൂരങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കാന്‍ തീരുമാനമായി. മാസങ്ങളോളമായി പ്രാദേശിക മുസ്‌ലിം ലീഗ് ഘടകത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് പഞ്ചായത്ത് പ്രസിഡന്റ് വി പി അഹ്മദ്കുട്ടി ഹാജി രാജിവെക്കുന്നത്. രാജിക്കത്ത് തിങ്കളാഴ്ച സെക്രട്ടറിക്ക് കൈമാറും.
അഹ്മദ്കുട്ടി ഹാജി രാജിവെക്കണമെന്ന് മുസ്‌ലിംലീഗിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന് പുറമെ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന പുര പദ്ധതിയില്‍ രാഷ്ട്രീയ സമവായത്തിന് വേണ്ടി പ്രസിഡന്റ് ശ്രമിക്കുന്നു എന്നതുമാണത്രെ ഈ വിഭാഗത്തിന് പറയാനുള്ളത്. ഭരണ സമിതിയുടെ മൂന്ന് വര്‍ഷത്തിന് ശേഷം പ്രസിഡന്റ് രാജിവെക്കാന്‍ തീരുമാനമുണ്ടെന്നും ഇവര്‍ പറയുന്നു. അതേ സമയം അങ്ങനെഒരു തീരുമാനം പാര്‍ട്ടി യോഗത്തില്‍ കൈകൊണ്ടിട്ടില്ലെന്നാണ് മറുവശം പറയുന്നത്.
തങ്ങള്‍ പറയുന്ന ഉപാധികള്‍ അംഗീകരിച്ചാല്‍ മത്രമേ രാജിവെക്കുകയുള്ളൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഇവര്‍. മുന്‍മന്ത്രി കുട്ടിഅഹ്മദ്കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫും പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹിയുമായിരുന്ന വ്യക്തിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുക, തൃക്കുളം പള്ളിപ്പടിയിലെ പ്രാദേശിക നേതാവിന് പഞ്ചായത്ത് കമ്മിറ്റിയില്‍ ഔദ്യോഗിക സ്ഥാനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണിവര്‍ ഉന്നയിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ ലീഗ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ഈ ഉപാധികള്‍ അംഗീകരിച്ചതായാണറിവ്. ശേഷം നടന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് സ്റ്റിയറിംഗ് കമ്മിറ്റി ഇത് അംഗീകരിക്കുകയായിരുന്നുവത്രെ. ഇതേ തുടര്‍ന്നാണ് പ്രസിഡന്റ് രാജിവെക്കുന്നത്. നിലവിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ യൂത്ത് ലീഗ് നേതാവായിരിക്കും പ്രസിഡന്റാവുക.