സ്‌കൂള്‍ ബസ് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

Posted on: November 30, 2013 10:00 am | Last updated: November 30, 2013 at 10:07 am

മലപ്പുറം: കോട്ടക്കലില്‍ സ്‌കൂള്‍ വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ഡ്രൈവറുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ഫഌയിങ് സ്‌ക്വാഡ് കേസെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയതായി ആര്‍ ടി ഒ അറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ നിയമാനുസൃതമായി അറ്റന്‍ഡറെ നിയമിക്കേണ്ടതാണ്. അതിനാല്‍ അന്വേഷണങ്ങള്‍ക്ക് മറുപടി പറയേണ്ട ചുമതല അറ്റന്‍ഡറെ ഏല്‍പ്പിക്കേണ്ടതാണ്. ഡ്രൈവര്‍മാരുടെ മൊബൈല്‍ നമ്പറിലേക്ക് വിളിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. വദ്യാഭ്യാസ സ്ഥാപന അധികൃതരും ഇക്കാര്യത്തില്‍ ഉചിതമായ കര്‍ശന നിര്‍ദേശം നല്‍കണമെന്ന് ആര്‍ ടി ഒ അറിയിച്ചു. സ്‌കൂളുകള്‍ക്ക് സ്വകാര്യ കോണ്‍ട്രാക്റ്റ് വാഹനങ്ങള്‍ രണ്ട് ഡ്രൈവര്‍ക്കെതിരെ കേസ് കോട്ടക്കലില്‍ വിദ്യാഭ്യാസ സ്ഥാപനത്തിനായി കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് സ്വകാര്യ കാര്‍ ഡ്രൈവര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ഫഌയിങ് സ്‌ക്വാഡ് കേസെടുത്തു. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്‍ ടി ഒ. അറിയിച്ചു.