ഗിഗ്ഗ്‌സ്: 40ാം വയസ്സിലും നിത്യഹരിതം

Posted on: November 30, 2013 6:00 am | Last updated: November 30, 2013 at 7:54 am

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗിലെ സ്ഥിരതയുടെ രൂപമായി നിലകൊള്ളുന്ന കളിക്കാരനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വെറ്ററന്‍ ഇതിഹാസം റയാന്‍ ഗിഗ്ഗ്‌സ്. കഴിഞ്ഞ ദിവസം തന്റെ 40ാം പിറന്നാളാഘോഷിച്ച ഗിഗ്ഗ്‌സ് ഇപ്പോഴും തന്റെ ഉള്ളിലെ ഫുട്‌ബോള്‍ താരം ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി നിലകൊള്ളുന്നതായ പ്രകടനത്തിലൂടെ അടിവരയിടുന്നു. 1991ല്‍ മാഞ്ചസ്റ്ററിലെത്തിയ ശേഷം മറ്റൊരു ക്ലബിലേക്കും പോകാതെ ഒരേ ക്ലബില്‍ ഇത്രയധികം കാലം തുടരുന്ന ലോകത്തെ വിരലിലെണ്ണാവുന്ന താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു ഗിഗ്ഗ്‌സ്. ബയര്‍ ലെവര്‍കൂസനുമായുള്ള ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ 5-0ത്തിന്റെ മഹത്തായ വിജയം സ്വന്തമാക്കി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ മാഞ്ചസ്റ്റര്‍ മുന്നേറ്റത്തില്‍ മധ്യനിരയുടെ കടിഞ്ഞാണുമായി ഗിഗ്ഗ്‌സിന്റെ സാന്നിധ്യമുണ്ടായിരുന്നു. അങ്ങനെ തന്റെ 40ാം പിറന്നാള്‍ അവിസ്മരണീയമാക്കാനും താരത്തിനായി.
എട്ടാം വയസ്സില്‍ പന്ത് തട്ടാന്‍ തുടങ്ങിയ ഗിഗ്ഗ്‌സ് കഴിഞ്ഞ 32വര്‍ഷമായി നിരന്തരം ഫുട്‌ബോളിനൊപ്പം തിരിയുന്ന മനുഷ്യനാണ്. ഇപ്പോള്‍ നാല്‍പ്പതിലെത്തി, മുടിയിലേക്ക് നര കയറി തുടങ്ങി ഒരു പക്ഷേ മറ്റൊരു താരമായിരുന്നെങ്കില്‍ ഒരു സഹ പരിശീലകനോ അല്ലെങ്കില്‍ മറ്റേതെങ്കിലും വേഷമോ അണിയേണ്ട സമയം. എന്നാല്‍ ഗിഗ്ഗ്‌സ് ആ മാമൂലുകളെയെല്ലാം അട്ടിമറിക്കുന്നു. അദ്ദേഹത്തിന്റെ ഉള്ളിലെ ഫുട്‌ബോള്‍ പോരാളി നര കയറാത്ത ചെറുപ്പക്കാരനാണ്. ബയര്‍ ലെവര്‍കൂസനുമായുള്ള പോരാട്ടത്തില്‍ മധ്യനിര നിയന്ത്രിച്ച ഗിഗ്ഗ്‌സ് 90 മിനുട്ടും കളത്തിലുണ്ടായിരുന്നു! നാളെ നടക്കുന്ന ടോട്ടനമുമായുള്ള പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗിഗ്ഗ്‌സ് മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍ 953ാം പോരാട്ടത്തിനിറങ്ങുകയാണ്.
ഗിഗ്ഗ്‌സിന് മുമ്പും പല താരങ്ങളും 40വയസ്സിലും ഫുട്‌ബോള്‍ മൈതാനത്ത് പന്ത് തട്ടിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തന്നെ ക്രിസ്റ്റല്‍ പാലസിന്റെ കെവിന്‍ ഫിലിപ്പ്‌സ് 40ാം വയസ്സിലും കളത്തിലുണ്ട്. പക്ഷേ മറ്റൊരാള്‍ക്കും അടുത്തെത്താന്‍ സാധിക്കാത്ത തരത്തിലുള്ളതാണ് ഗിഗ്ഗ്‌സ് സ്വന്തമാക്കിയ നേട്ടങ്ങളുടെ കണക്ക്. 13 പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, നാല് എഫ് എ കപ്പ്, മൂന്ന് ലീഗ് കപ്പ്, രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, യുവേഫ സൂപ്പര്‍ കപ്പ്, ഇന്റര്‍ കോണ്‍ടിനെന്റല്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് അങ്ങനെ ക്ലബ് ചരിത്രത്തിലെ ഏതാണ്ടെല്ലാ കിരീട നേട്ടങ്ങളിലും മാഞ്ചസ്റ്ററിനൊപ്പം ഗിഗ്ഗ്‌സുമുണ്ട്.
ഓരോ മത്സരം കഴിയും തോറും നവീകരിക്കപ്പെടുന്ന ഫുട്‌ബോളറാണ് ഗിഗ്ഗ്‌സ്. വേഗമുള്ള നീക്കങ്ങളാല്‍ മധ്യനിരയിലും വിംഗുകളിലേക്കും ഒരേ വേഗതയില്‍ കുതിക്കുന്ന കളിക്കാരന്‍.
ഇനിയും ഒരു അഞ്ചോ ആറോ വര്‍ഷം ക്ഷീണമേല്‍ക്കാതെ കളിക്കാനുള്ള ശാരീരിക ക്ഷമത ആവോളം പ്രകൃത്യ ലഭിച്ചിട്ടുള്ള കളിക്കാരനാണ് ഗിഗ്ഗ്‌സ്.
അവിശ്വസനീയമായ ഫുട്‌ബോള്‍ താരമെന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ ഡേവിഡ് മോയസ് ഗിഗ്ഗ്‌സിനെ വിശേഷിപ്പിക്കുന്നത്. ജീവിതത്തിന്റെ സായാഹ്‌നങ്ങളിലേക്ക് കടക്കും തോറും അദ്ദേഹം കൂടുതല്‍ കൂടുതല്‍ മികവിലേക്കാണ് ഉയരുന്നത് മോയസ് വ്യക്തമാക്കുന്നു.
പരിശീലനം ആസ്വദിക്കുന്നു, കളിക്കളത്തിലേക്കിറങ്ങും മുമ്പുള്ളതും വിജയിച്ചു കഴിയുമ്പോഴുമുള്ള ഗ്യാലറിയുടെ ആരവങ്ങളെ അവസാനം വരെ ഏറ്റുവാങ്ങുന്നു. ഇതെല്ലാം മാറുകയോ മാറാതിരിക്കുകയോ ചെയ്‌തേക്കാം. കാത്തിരുന്നു കാണാം എന്നു മാത്രമാണ് തന്റെ ജീവിത വീക്ഷണമെന്ന് ഗിഗ്ഗ്‌സ് പറയുന്നു.