Connect with us

International

തായ്‌ലാന്‍ഡില്‍ പ്രക്ഷോഭകര്‍ സൈനിക ആസ്ഥാനം ഉപരോധിച്ചു

Published

|

Last Updated

ബാങ്കോക്ക്: തായ്‌ലാന്‍ഡ് പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്രയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം സൈനിക ആസ്ഥാനത്തേക്കും വ്യാപിച്ചു. ആയിരക്കണക്കിന് വരുന്ന പ്രക്ഷോഭകര്‍ തലസ്ഥാനമായ ബാങ്കോക്കിലെ സൈനിക ആസ്ഥാനത്ത് മണിക്കൂറുകളോളം തമ്പടിച്ചു. ഭരണപക്ഷ പാര്‍ട്ടിയുടെ ആസ്ഥാനവും പ്രക്ഷോഭകര്‍ ഉപരോധിച്ചു. തലസ്ഥാനത്തെ സര്‍ക്കാര്‍ മന്ദിരത്തിനും മന്ത്രിമാരുടെ കാര്യാലയങ്ങളിലും ഉപരോധ സമരം നടത്തിയ പ്രക്ഷോഭകര്‍ ഇന്നലെ സൈനിക ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. ഭരണം സ്തംഭിപ്പിച്ച് സര്‍ക്കാറിനെ താഴെയിറക്കാനുള്ള പ്രക്ഷോഭ നടപടികളുമായി മുന്നോട്ടു പോകാനാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുന്‍ ഉപപ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന സുദേബ് തൗഗ്‌സുബാന്‍.
പ്രധാനമന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു ഉപാധിക്കും തങ്ങള്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച പ്രക്ഷോഭക നേതൃത്വം, ചര്‍ച്ചക്ക് വേണ്ടിയിട്ടുള്ള പ്രധാനമന്ത്രിയുടെ ആവശ്യം തള്ളിയിരിക്കുകയാണ്. 2006ല്‍ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രിയും ഷിനാവത്രയുടെ സഹോദരനുമായ തക്‌സിന്‍ ഷിനാവത്രയുടെ കൈകളിലാണ് രാജ്യത്തിന്റെ ഭരണമെന്നും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ട തക്‌സിനെ രക്ഷപ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നെന്നും ആരോപിച്ചാണ് പ്രക്ഷോഭം നടക്കുന്നത്.
അതിനിടെ, പ്രക്ഷോഭത്തെ പോലീസ് നടപടിയിലൂടെ അടിച്ചമര്‍ത്തുകയില്ലെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനം സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്ര വ്യക്തമാക്കി. പ്രക്ഷോഭത്തിന്റെ പേരില്‍ രാജി വെക്കുകയോ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യില്ലെന്ന് ബി ബി സിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.
“ഭരണ കാലാവധി തീരുന്നതിന് മുമ്പ് രാജിവെച്ച് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തിയത് കൊണ്ട് പ്രക്ഷോഭകര്‍ സംതൃപ്തരാകുമെന്ന് ഞാന്‍ കരുതുന്നില്ല. സമാധാന ചര്‍ച്ചക്ക് തയ്യാറാകുകയാണ് പ്രക്ഷോഭക നേതൃത്വം ചെയ്യേണ്ടത്.” അവര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ സാധ്യതകള്‍ ഒഴിവാക്കി പ്രക്ഷോഭകരോട് മൃദുലസ്സമീപനമാണ് ഇതുവരെ സര്‍ക്കാര്‍ കാണിച്ചതെന്നും അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഷിനാവത്ര കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ പ്രധാനമന്ത്രിക്കെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. ഷിനാവത്രയുടെ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള പാര്‍ലിമെന്റില്‍ 137പേര്‍ മാത്രമാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്. 297 പേരും ഷിനാവത്രക്ക് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്.

Latest