പോലീസ് ചമഞ്ഞ് വാഹന മോഷണം; 11 വാഹനങ്ങള്‍ കൂടി കണ്ടെത്തി

Posted on: November 29, 2013 9:40 am | Last updated: November 29, 2013 at 9:40 am

മലപ്പുറം: പോലീസ് ചമഞ്ഞ് വാഹനങ്ങള്‍ തട്ടിയെടുക്കുന്ന മൂവാറ്റുപ്പുഴ പെഴക്കാപ്പള്ളി പുത്തന്‍വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (43) മോഷ്ടിച്ച 11 വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തു.
10 ബൈക്കുകളും ഒരു കാറുമാണ് അന്വേഷണത്തില്‍ കണ്ടെത്താനായത്. തമിഴാനാട്ടിലെ തേവര്‍ശേലയില്‍ നിന്നാണ് കൂടുതല്‍ വാഹനങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ 20ന് മലപ്പുറത്ത് അറസ്റ്റിലായ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
മോഷണം, ആള്‍മാട്ടം, വഞ്ചന തുടങ്ങി 31 ഓളം കേസുകളില്‍ ജബ്ബാര്‍ പ്രതിയാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ സി ഐ. ടി ബി വിജയന്‍ പറഞ്ഞു. പോലീസ്, ആര്‍ ടി ഒ, എക്‌സൈസ് ഓഫീസര്‍ ചമഞ്ഞ് ആളുകളില്‍ നിന്ന് കാറുകളും മോട്ടോര്‍ സൈക്കിളുകളും ഓടിക്കാന്‍ വാങ്ങിയ ശേഷം അതുമായി കടന്നുകളയുകയാണ് പ്രതിയുടെ പതിവ്. കൊല്ലം മുതല്‍ വയനാട് വരെ ഇയാള്‍ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ 26ന് മുണ്ടുപറമ്പില്‍ നിന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫിസറാണെന്ന് പരിചയപ്പെടുത്തി ഒരാളില്‍ നിന്നും കാര്‍ തട്ടിയെടുത്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. 2002ല്‍ റെയില്‍വെ പോലീസാണെന്ന് പറഞ്ഞ് യൂണിഫോം ധരിച്ച് ട്രെയിനില്‍ തട്ടിപ്പുനടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 10 ഓളം സ്‌റ്റേഷനുകളില്‍ കേസുകളുള്ളതായി തെളിഞ്ഞത്. ഒളിവില്‍ ആയിരുന്ന ഇദ്ദേഹത്തെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നും കേരളത്തിനകത്ത് നിരവധി സ്ഥലങ്ങളില്‍ ബൈക്ക് മോഷണം നടത്തിയിരുന്നു. മോഷ്ടിച്ച വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയിട്ടാണ് വില്‍പ്പന നടത്തിയിരുന്നത്.
മുണ്ടുപറമ്പില്‍ നിന്ന് മോഷണം പോയ കാര്‍ പെരുമ്പാവൂരില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കസ്റ്റഡി കാലവധി അവസാനിച്ച ഇദ്ദേഹത്തെ ഇന്നലെ മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി. വിശദ അന്വേഷണത്തിന് പ്രതിയെ ഇനിയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.