വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അബു സലീമിന് ഏഴ് വര്‍ഷം തടവ്

Posted on: November 28, 2013 11:21 pm | Last updated: November 28, 2013 at 11:21 pm

abu saleemഹൈദരാബാദ്: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നേതാവ് അബു സലീമിന് ഏഴ് വര്‍ഷത്തെ കഠിന തടവ്. ഹൈദരാബാദിലെ പ്രത്യേക സി ബി ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. വ്യാജ പേരിലും മേല്‍വിലാസത്തിലും കുര്‍ണൂല്‍ ജില്ലയില്‍ നിന്ന് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ 18ന് പ്രത്യേക ജഡ്ജി എം വി രമണ നായിഡു കുറ്റം ചുമത്തിയിരുന്നു. ഓരോ കുറ്റത്തിനും ആയിരം രൂപ വീതം പിഴ അടക്കാനും ഉത്തരവിട്ടുണ്ട്.
അതേസമയം, നിലവില്‍ ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന അബു സലീമിന് ബാക്കിയുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി. വിധി പ്രഖ്യാപന സമയം അബു സലീം കോടതിയിലുണ്ടായിരുന്നു. 2001ലാണ് ഹൈദരാബാദിലെ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് റമീല്‍ കാമില്‍ മാലിക് എന്ന പേരില്‍ വ്യാജ രേഖകള്‍ കാണിച്ച് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത്. നടിയും കാമുകിയുമായ മോണിക്ക ബേദിയോടൊപ്പം 2005ല്‍ പോര്‍ച്ചുഗലിലാണ് അബു സലീം അറസ്റ്റിലായത്. തുടര്‍ന്ന്, ഇന്ത്യക്ക് കൈമാറുകയായിരുന്നു.