നഗരസഭയുടെ സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയടക്കുന്നു

Posted on: November 28, 2013 8:24 am | Last updated: November 28, 2013 at 8:24 am

കോട്ടക്കല്‍: നഗരസഭയുടെ സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയടക്കുന്നതായി ആക്ഷേപം. ദേശീയപാത പാലത്തറയിലെ 74 സെന്റ് ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കച്ചവടത്തിനായുള്ള കാലികളെ ഇറക്കുന്നതിനും വളം തട്ടുന്നതിനും ഉപയോഗിക്കുന്നത്. നേരത്തെ ഈ സ്ഥലം അറവിനായി ഉപയോഗിച്ചിരുന്നു.
പരാതിയെ തുടര്‍ന്ന് ഇത് ഒഴിവാക്കിയെങ്കിലും മറ്റുകാര്യങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മതില്‍ കെട്ടി സംരക്ഷിക്കാത്തതാണ് സ്വകാര്യ വ്യക്തികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇടയാക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും പോത്ത് റോഡിലേക്കിറങ്ങിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിക്കാനിടയായിരുന്നു.
ഇവിടെ വ്യവസായ സമുച്ചയം പണിയാന്‍ നഗരസഭക്ക് പദ്ധതിയുണ്ടായിരുന്നു. കുട്ടികളുടെ പാര്‍ക്ക്, ആധുനിക അറവുശാല തുടങ്ങിയ പദ്ധതികളും നഗരസഭ ആലോചിച്ചിരുന്നെങ്കിലും ഒന്നും തുടങ്ങാന്‍ മാത്രമല്ല സ്ഥലം മതില്‍ കെട്ടി സംരക്ഷിക്കാന്‍ പോലും തയ്യാറായിട്ടില്ല. മതില്‍കെട്ടി സംരക്ഷിക്കാത്ത പല സ്ഥലങ്ങളും ഇത്തരത്തില്‍ സ്വകാര്യ വ്യക്തികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അധികൃതര്‍ പറയുന്നു.