കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്; ഉമ്മന്‍ കമ്മീഷന്‍ ഇന്ന് മലയോര മേഖലയില്‍

Posted on: November 28, 2013 8:20 am | Last updated: November 28, 2013 at 8:20 am

കാളികാവ്: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട കസ്തൂരിരഗന്‍ റിപ്പോര്‍ട്ടിനെകുറിച്ച് കര്‍ഷകരില്‍ നിന്നും പരാതികള്‍ ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഡോ. ഉമ്മന്‍ കമ്മീഷന്‍ ഇന്ന് മലയോര പ്രദേശമായ കാളികാവിലത്തും. ഇന്ന് രാത്രി ചെങ്കോട് സെന്റ് സേവ്യേഴ്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് സിറ്റിംഗ്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍. വി. ഉമ്മന്‍, കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയര്‍മെന്റി(കെ.എസ്.സി. എസ്, ടി. ഇ)ലെ എന്‍. വി. രാജശേഖന്‍, റബര്‍ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി. സി. സിറിയക് എന്നിവരടങ്ങുന്ന മൂന്നംഗ സംഘമാണ് കാളികാവിലെത്തുന്നത്.
കസ്തൂരിരംഗന്‍ റിപ്പാര്‍ട്ടിനെകുറിച്ച് കര്‍ഷകര്‍ കടുത്ത ആശങ്കയിലാണുള്ളത്. ഗാഡ്ഗില്‍- കസസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഭാവിയില്‍ കര്‍ഷകരെ അവരുടെ കൃഷി ഭൂമിയില്‍നിന്നും പുറന്തള്ളുന്നതാണെന്നാണ് പൊതുവെ കര്‍ഷക സംഘടനകള്‍ വിശ്വസിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ പ്രയാസങ്ങളെകുറിച്ച് നേരില്‍ മനസ്സിലാക്കാനായി കമ്മീഷനെ നിയോഗിച്ചത്. ആദ്യം കരുവാരകുണ്ടിലാണ് കമ്മീഷന്‍ എത്തുക. തുടര്‍ന്നാണ് കാളികാവിലെത്തുന്നത്.