ആറ് മുന്‍ ജഡ്ജിമാര്‍ക്കെതിരെ അഴിമതിക്കുറ്റം ചുമത്തി

Posted on: November 28, 2013 12:45 am | Last updated: November 28, 2013 at 12:45 am

court-hammerഗാസിയാബാദ്: ഗാസിയാബാദ് ജില്ലാ കോടതിയില്‍ നിന്ന് വിരമിച്ച ആറ് ജഡ്ജിമാര്‍ക്കെതിരെ സി ബി ഐ പ്രത്യേക കോടതി അഴിമതിക്കുറ്റം ചുമത്തി. ബഹുകോടികളുടെ പ്രൊവിഡന്റ് ഫണ്ട് അഴിമതി കേസുമായി ബന്ധപ്പെട്ട് വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ജഡ്ജിമാര്‍ക്ക് പുറമെ കേസിലുള്‍പ്പെട്ട 65 പേര്‍ക്കെതിരെയും കുറ്റങ്ങള്‍ ചുമത്തി.
2001- 2008 കാലയളവില്‍ ഗാസിയാബാദ് ജില്ലാ കോടതിയില്‍ ജഡ്ജിമാരായിരുന്ന ആര്‍ പി മിശ്ര, ആര്‍ പി യാദവ്, എ കെ സിംഗ്, ആര്‍ എസ് ചൗബെ, ആര്‍ എന്‍ മിശ്ര, അരുണ്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പ്രത്യേക സി ബി ഐ ജഡ്ജി എ കെ സിംഗ് കുറ്റം ചുമത്തിയത്. ഡിസംബര്‍ ആറ് മുതല്‍ വിചാരണ ആരംഭിക്കാനും കോടതി നിര്‍ദേശിച്ചതായി സി ബി ഐ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി കെ സിംഗ് പറഞ്ഞു. ജഡ്ജിമാര്‍ ഇപ്പോള്‍ ജാമ്യം ലഭിച്ച് പുറത്താണ്.
2008 ഫെബ്രുവരിയില്‍ അന്നത്തെ സി ബി ഐ ജഡ്ജി രാമ ജെയ്ന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് 6.58 കോടി രൂപയുടെ പി എഫ് അഴിമതി പുറംലോകമറിഞ്ഞത്. അഴിമതി അന്വേഷിക്കാന്‍ സുപ്രീം കോടതിയാണ് സി ബി ഐക്ക് നിര്‍ദേശം നല്‍കിയത്. 2008 ഒക്‌ടോബറില്‍ സി ബി ഐ അന്വേഷണം ആരംഭിക്കുകയും 2010 ജൂലൈയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ആറ് ജഡ്ജിമാര്‍ക്ക് പുറമെ 35 കോടതി ജീവനക്കാരടക്കം 71 പേരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടത്. അഞ്ചര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ആരോപിതനായ രംഭാബു വര്‍മ ജഡ്ജിക്ക് മുമ്പാകെ ചൊവ്വാഴ്ച കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് ഇയാളെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഗാസിയാബാദ് കോടതിയിലെ നാലാം ഗ്രേഡ് ജീവനക്കാരുടെ പി എഫ് അക്കൗണ്ടില്‍ നിന്ന് കോടികള്‍ പിന്‍വലിച്ചുവെന്നാണ് കേസ്. ആരോപിതരായ എല്ലാവര്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ നേട്ടമാണുണ്ടായത്.