യു എ ഇ ഉന്നത സംഘം പാരീസില്‍;ദുബൈ ആകാംക്ഷയില്‍

Posted on: November 27, 2013 8:36 pm | Last updated: November 27, 2013 at 8:36 pm

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020 ദുബൈക്ക് ലഭിക്കാന്‍ ശ്രമം നടത്തുന്നതിന് ഏഴംഗ യു എ ഇ സംഘം പാരീസിലെത്തി. ഉന്നതാധികാര സമിതി ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ഡെപ്യൂട്ടി ചെയര്‍മാന്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ശൈബാനി, മാനേജിംഗ് ഡയറക്ടര്‍ റീം അല്‍ ഹാശ്മി എന്നിവരടങ്ങളുന്ന സംഘമാണ് പാരീസില്‍ എത്തിയത്. ഇതിനു പുറമെ പത്ത് മന്ത്രിമാര്‍ അടക്കം മറ്റൊരു സംഘം വോട്ടെടുപ്പിനു മുമ്പായി എത്തും.

തുര്‍ക്കി, റഷ്യ എന്നിവിടങ്ങളില്‍ നിന്നും വന്‍ സംഘം എത്തിയിട്ടുണ്ട്. ദുബൈ കടുത്ത മത്സരം നേരിടേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. വേദി നിശ്ചയിക്കുന്ന, ബ്യൂറോ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ പ്രതിനിധികള്‍ക്ക് യു എ ഇ വിരുന്ന് സല്‍ക്കാരം ഒരുക്കി. മത്സരരംഗത്തുള്ള നഗരങ്ങള്‍ക്ക് ഇത്തരത്തില്‍ രണ്ട് വിരുന്ന് ഒരുക്കാം. ഇന്ന് ഉച്ചയോടെ വോട്ടെടുപ്പ് ആരംഭിക്കും. മൂന്ന് മണിക്കൂറോളം നീണ്ടുനില്‍ക്കും. വോട്ടെടുപ്പിനു മുന്നോടിയായി ഓരോ നഗരവും പ്രദര്‍ശനം നടത്തും. യു എ ഇ സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സവിശേഷതകളും ദുബൈയുടെ അടിസ്ഥാന സൗകര്യങ്ങളും ഒപ്പിയെടുക്കുന്ന പ്രദര്‍ശനമാണ് ദുബൈ നടത്തുന്നത്.
യു എ ഇയില്‍ നിന്ന് ധാരാളം മാധ്യമപ്രവര്‍ത്തകരും പാരീസില്‍ എത്തിയിട്ടുണ്ട്. ഇവരുടെ സാന്നിധ്യം ദുബൈയുടെ യശസുയര്‍ത്താന്‍ കാരണമായി. രാത്രി തന്നെ ഫലം അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തുര്‍ക്കിയോട് അടുത്തുകിടക്കുന്ന സിറിയയിലെ രാഷ്ട്രീയ അസ്ഥിരത ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നതിനാല്‍ തുര്‍ക്കി നഗരമായ ഇസ്മിര്‍ കടുത്ത മത്സരം നേരിടുന്നു. തുര്‍ക്കിയിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം 2015 എക്‌സ്‌പോക്ക് ശ്രമിച്ച നഗരമാണ് ഇസ്മിര്‍. റഷ്യയിലും രാഷ്ട്രീയ സാഹചര്യം അനുകൂലമല്ലെന്ന് യുഎസ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ശീതകാല ഒളിംപിക്‌സിനും 2018ലെ ഫുട്‌ബോള്‍ ലോകകപ്പിനും ആതിഥ്യം വഹിക്കാന്‍ റഷ്യ തയ്യാറെടുക്കുകയാണ്. 2014 വേള്‍ഡ് കപ്പിനു മുന്നോടിയായുള്ള കോണ്‍ഫഡറേഷന്‍സ് കപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷവും മറ്റും ബ്രസീലിന്റെയും തിളക്കം കെടുത്തുന്നു.
വേള്‍ഡ് എക്‌സ്‌പോയ്ക്കുള്ള ഏറ്റവും ഉചിതമായ നഗരം ദുബൈയാണെന്നാണ് അലൈന്‍സ് ബിസിനസ് സെന്റേഴ്‌സ് നെറ്റ്‌വര്‍ക്ക് (എബിസിഎന്‍) നടത്തിയ സര്‍വേ ഫലം. മൊത്തത്തിലുള്ള രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ ഏറ്റവും സുരക്ഷിതം ദുബൈയാണെന്നാണു വിലയിരുത്തല്‍.