Connect with us

Wayanad

പലിശ ഇടപാടുകാരന്റെ വീടിനു മുമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും: ആക്ഷന്‍ കമ്മിറ്റി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: യുവകര്‍ഷകന്‍ മലങ്കര സ്വദേശി ഷാജിയുടെ മരണത്തിനു ഉത്തരവാദിയായ ബ്ലേഡുകാരന്‍ റോബര്‍ട്ടില്‍നിന്ന് ഷാജിയുടെ കുടുംബാഗങ്ങള്‍ക്കുള്ള നഷ്്ടപരിഹാരം ഈടാക്കണമെന്നാവശ്യപ്പെട്ട് റോബര്‍ട്ടിന്റെ വീടിനു മുമ്പില്‍ ഡിസംബര്‍ മാസം അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കാന്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു.
ഷാജിയില്‍ നിന്നും മേടിച്ചിട്ടെടുത്തിട്ടുള്ള പ്രമാണങ്ങള്‍ കുടുംബത്തിന് നല്‍കുക, അന്യായമായി പിടിച്ചെടുത്ത റബര്‍തോട്ടം തിരികെ നല്‍കുക, റോബര്‍ട്ടിനെതിരെ കൊലകുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രണ്ടാംഘട്ട സമരം നടത്തുന്നത്. അധികാരികളില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ വീടിനു മുമ്പിലെ സത്യാഗ്രഹം റോബര്‍ട്ടിന്റെ വീടിനുള്ളിലേക്ക് മാറ്റാനും യോഗം തീരുമാനിച്ചു.
റോബര്‍ട്ടിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ടൗണിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് കാല്‍ലക്ഷത്തോളം ഒപ്പുകള്‍ ശേഖരിച്ചുള്ള ഭീമ ഹര്‍ജി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റു അധികാരികള്‍ക്കും നല്‍കും. റോബര്‍ട്ട് പലിശ ഇടപാട് നടത്തുന്ന ടൗണിലെ മഡോണ വീഡിയോസ് തുറക്കാന്‍ അനുവദിക്കാത്തത് പോലുള്ള ഉപരോധ സമരങ്ങള്‍ തുടരും. റോബര്‍ട്ടിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് മാത്രം കേസെടുത്തിട്ടുള്ള പോലിസ് ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. റോബര്‍ട്ടിന്റെ ബ്ലേഡ് പരിശക്കാരായവര്‍ പരാതി നല്‍കിയിട്ടും ഇത്തരത്തിലുള്ള യാതൊരു അന്വേഷണത്തിനോ രേഖകള്‍ പിടിച്ചെടുക്കാനോ പോലിസ് തയ്യാറായിട്ടില്ല.
ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചത്. ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം താലൂക്ക്തല നേതാക്കളെ ഉള്‍പ്പെടുത്തി ആക്ഷന്‍ കമ്മിറ്റി വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം പി എം ജോയി ഉദ്ഘാടനം ചെയ്തു. നെ•േനി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ സാജന്‍ അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ, സി പി എം ഏരിയ സെക്രട്ടറി കെ ശങ്കരന്‍, ബി ജെ പി. നിയോജകമണ്ഡലം പ്രസിഡന്റ് സി മോഹനന്‍, സി കെ സഹദേവന്‍, സുരേഷ് താളൂര്‍, ടി എന്‍ ബാബു, കെ കെ പ്രേമചന്ദ്രന്‍, മോഹനന്‍ പുഞ്ചവയല്‍, പി പ്രഭാകരന്‍ നായര്‍, പി കെ സത്താര്‍, സി കെ സമീര്‍, പി സി വിജയകുമാര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest