Connect with us

Wayanad

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഹൈപവര്‍ കമ്മിറ്റി തെളിവെടുത്തു

Published

|

Last Updated

കല്‍പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ ജില്ലയില്‍ നിന്നുള്ള അഭിപ്രായസ്വരൂപണത്തിന്റെ ഭാഗമായി ഹൈപവര്‍ കമ്മിറ്റി തെളിവെടുത്തു. രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധസംഘടനകളും വിവിധ ക്ലബ്ബുകളും മതസംഘടനകളും വ്യക്തികളും നിര്‍ദേശങ്ങള്‍ കൈമാറി. വയനാട്ടിലെ പരിസ്ഥിതി മേഖലകളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താമെന്നും ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ദോഷമില്ലാത്ത നിര്‍ദേശങ്ങളാണ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടത്. നൂറുകണക്കിനാളുകളാണ് അഭിപ്രായം രേഖപ്പെടുത്താനായി മാനന്തവാടി കമ്മ്യൂണിറ്റി ഹാളിലെത്തിയത്. രണ്ടരമണിക്കൂര്‍ വൈകിയാണ് തെളിവെടുപ്പ് സംഘം എത്തിയത്. സംസ്ഥാന ബയോഡൈവോഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി ഉമ്മന്‍, പ്രഫ. രാജശേഖരന്‍ പിള്ള, ഡോ. പി പി സിറിയക് എന്നിവരടങ്ങുന്ന സംഘമാണ് അഭിപ്രായസ്വരൂപണം സ്വീകരിക്കാനെത്തിയത്. മാനന്തവാടി സബ് കലക്ടര്‍ വീണ എന്‍ മാധവന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഇവരെ സ്വീകരിച്ചു. ജൈവ വൈവിധ്യ മേഖലയിലെ ഏറ്റവും വലിയ കണ്ണി മനുഷ്യനാണെന്നും ഭൂമി സംരക്ഷിക്കുന്നതും കര്‍ഷകരടക്കമുള്ള ജനങ്ങളാണെന്നും ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി ഉമ്മന്‍ പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നവരാണെന്നും ഭൂമി എങ്ങനെ സംരക്ഷിക്കാന്‍ കഴിയുമെന്ന് തെളിയിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമിയെ സംരക്ഷിക്കാന്‍ കഴിയുന്ന വിധത്തിലുള്ള നിര്‍ദേശങ്ങളാണ് നല്‍കേണ്ടതെന്നും അദ്ദേഹംപറഞ്ഞു. ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെയുള്ള 1500 കിലോമീറ്റര്‍ പശ്ചിമഘട്ട സംരക്ഷണപദ്ധതിയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടായി അവതരിപ്പിച്ചത്. 10 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വീതിയും വിസ്താരവും ഈ ഭൂമികള്‍ക്കുണ്ട്. ഒരു സംസ്ഥാനത്തെ മാത്രമായി കണ്ടുകൊണ്ടുള്ള റിപ്പോര്‍ട്ടല്ല കസ്തൂരിരംഗന്‍ അവതരിപ്പിച്ചിട്ടുള്ളത്. അതിനാലാണ് ഇപ്പോള്‍ കേരളം അഭിപ്രായസ്വരൂപണം കേട്ടുകൊണ്ട് റിപ്പോര്‍ട്ട് കേന്ദ്രത്തില്‍ സമര്‍പ്പിക്കുന്നതിനായി തീരുമാനിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുള്‍ അഷ്‌റഫ്, ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ അസ്മത്ത്, ബിന്ദു ബാബു, ഒ ആര്‍ കേളു, സില്‍വി തോമസ്, എച്ച് ഡി പ്രദീപ്മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി മൊയ്തു, പടയന്‍ അബ്ദുള്ള, ആമിന അവറാന്‍, ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, പി വി സഹദേവന്‍, കെ ഉസ്മാന്‍, ജേക്കബ്ബ് സെബാസ്റ്റ്യന്‍, ഇ കെ ബാബു തുടങ്ങിയ പ്രമുഖര്‍ ഹൈപവ്വര്‍കമ്മിറ്റി മുമ്പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഇന്ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും സമിതി വിവരശേഖരണം നടത്തും. സംസ്ഥാന ബയോ ഡൈവേര്‍ഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍.വി.ഉമ്മന്‍, പ്രൊഫ. രാജശേഖരന്‍ പിള്ള, ഡോ. സി.പി. സിറിയക് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് എത്തുന്നത്. ബന്ധപ്പെട്ട പഞ്ചായത്തുകളിലെ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍, പ്രമുഖ കര്‍ഷകര്‍, കര്‍ഷകസംഘം പ്രതിനിധികള്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Latest