Connect with us

National

ലെഹാര്‍ ചുഴലിക്കൊടുങ്കാറ്റ്; ആന്ധ്രയില്‍ അതീവജാഗ്രത

Published

|

Last Updated

ഹൈദരാബാദ്: ലെഹാര്‍ ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രാ പ്രദേശില്‍ അതീവജാഗ്രത. നാളെ ഉച്ചയോടടുത്ത സമയം ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തെത്തുമെന്നാണ് കണക്കുകൂട്ടല്‍.
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗം പിന്നിട്ട ചുഴലിക്കാറ്റ്, മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി, ആന്ധ്രയുടെ തീരപ്രദേശമായ കാകിനഡയില്‍ നിന്ന് ഏകദേശം 920 കിലോമീറ്റര്‍ അകലെ തെക്കുകിഴക്കന്‍ ഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുകയാണ്. ശക്തി സംഭരിച്ച് ഇവിടെ നിന്ന് പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി, നാളെ ഉച്ചക്ക് കലിംഗപട്ടണത്തിനും മച്ചിലിപട്ടണത്തിനും ഇടക്ക് ആന്ധ്ര തീരം മുറിച്ചുകടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചത്.
ഇതിന്റെ ഭാഗമായി ഇന്ന് ഉച്ച മുതല്‍ ആന്ധ്രയുടെ വടക്കന്‍ തീരപ്രദേശങ്ങളിലും ഒഡീഷയുടെ തെക്കന്‍ തീരപ്രദേശങ്ങളിലും ചെറിയ മഴ ഉണ്ടാകും. വ്യാഴാഴ്ച ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് ഉണ്ടാകുക. ഇന്ന് വൈകുന്നേരം മുതല്‍ മണിക്കൂറില്‍ 45- 55 കിലോമീറ്റര്‍ മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആന്ധ്രയിലും ഒഡീഷയിലും കാറ്റ് വീശും. തുടര്‍ന്ന്, കൃഷ്ണ, വെസ്റ്റ്- ഈസ്റ്റ് ഗോദാവരി, വിശാഖപട്ടണം ജില്ലകളില്‍ മണിക്കൂറില്‍ 170-180 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ വേഗത്തിലും വിജയനഗരം, ശ്രീകാകുളം, ഗുണ്ടൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ 120- 130 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശും.
കൃഷി, ചെറിയ കെട്ടിടങ്ങള്‍, വൈദ്യുതി, റെയില്‍, റോഡ് ഗതാഗതം എന്നിവക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കും. തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും റോഡ്, റെയില്‍ ഗതാഗതങ്ങളില്‍ മുന്‍കരുതല്‍ സ്വീകരിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തീരപ്രദേശ ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest