Connect with us

Gulf

ദുബൈ ബജറ്റ്: ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നിവക്ക് ഊന്നല്‍

Published

|

Last Updated

ദുബൈ: 2014 ലേക്കുള്ള ദുബൈ ബജറ്റിന്, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. ഒരേസമയം, സാമൂഹിക സേവന മേഖലയെ പരിപോഷിക്കുകയും സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ബജറ്റാണ് രൂപപ്പെടുത്തിയിട്ടുള്ളത്. 200 കോടി ദിര്‍ഹം മിച്ചത്തോടെ 2014 സാമ്പത്തിക വര്‍ഷം തുടങ്ങും. പരമാവധി കമ്മി 0.26 ശതമാനമായിരിക്കും.

സര്‍ക്കാര്‍ മേഖലയുടെ കാര്യക്ഷമതക്ക് ഊന്നല്‍ നല്‍കും. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പുവരുത്തും.
37,00 കോടി ദിര്‍ഹമാണ് പൊതുവരവ്. 3,788 കോടി ദിര്‍ഹമാണ് പൊതു ചെലവ്. 2013 നെക്കാള്‍ 13 ശതമാനം വര്‍ധനവാണ് വരവില്‍ പ്രതീക്ഷിക്കുന്നത്. സാമ്പത്തികമാന്ദ്യത്തിനു ശേഷവും യാതൊരു ഫീസ് വര്‍ധനവും വരുത്താതെ വരവ് കൂട്ടാന്‍പറ്റിയെന്ന് ധനകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുര്‍റഹ്മാന്‍ സാലിഹ് അല്‍ സാലിഹ് അറിയിച്ചു.
വരുമാനത്തിന്റെ 37 ശതമാനം ശമ്പള ഇനത്തിലും മറ്റ് ആനുകൂല്യത്തിലും പോകുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് 17 ശതമാനം വേണ്ടിവരും. എക്‌സ്‌പോ 2020 മുന്‍കൂട്ടി കണ്ടാണ് അടിസ്ഥാന സൗകര്യ വികസനം. 635 കോടി ദിര്‍ഹമാണ് അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കിവെച്ചിരിക്കുന്നത്. ബോണ്ട് പലിശക്ക് 11 ശതമാനം നീക്കിവെച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിര്‍മാണം എന്നിവക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാണിതെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.