Connect with us

Malappuram

പെന്‍ഷന്‍ അദാലത്ത്: തീര്‍പ്പായത് 3197 അപേക്ഷകള്‍

Published

|

Last Updated

മഞ്ചേരി: നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ മഞ്ചേരി ചുള്ളക്കാട് സ്‌കൂളില്‍ നടന്ന പെന്‍ഷന്‍ അദാലത്തില്‍ 3197 അപേക്ഷകളില്‍ തീര്‍പ്പായി. 1714 വാര്‍ധക്യകാല പെന്‍ഷനുകള്‍, 438 വിധവാ പെന്‍ഷനുകള്‍, 96 വികലാംഗ പെന്‍ഷനുകള്‍, 22 കര്‍ഷക തൊഴിലാളി പെന്‍ഷനുകള്‍, 11 ചെറുകിട കര്‍ഷക പെന്‍ഷനുകള്‍ എന്നിവ ഇന്നലെ അദാലത്തില്‍ അപേക്ഷ നല്‍കി പരിഗണിക്കപ്പെട്ടവയാണ്.
ഇതിനു പുറമെ കഴിഞ്ഞ മുനിസിപ്പല്‍ കൗണ്‍സില്‍ പാസ്സാക്കിയ 712 പെന്‍ഷന്‍ അപേക്ഷകളും നേരത്തെ അപേക്ഷ നല്‍കി പരിഗണിക്കാതെ കിടന്ന 204 കേസുകളും ഇന്നലെ തീര്‍പ്പാക്കി. നഗരസഭ 1995 മുതലാണ് പെന്‍ഷന്‍ നല്‍കി തുടങ്ങിയത്.
18 വര്‍ഷം കൊണ്ട് 4097 പെന്‍ഷനുകളാണ് നഗരസഭ നല്‍കി വരുന്നത്. എന്നാല്‍ ഇന്നലെ നടന്ന അദാലത്തോടെ വിവിധ വിഭാഗങ്ങളിലായി 7294 പെന്‍ഷനുകള്‍ നല്‍കും. നഗരസഭയിലെ അമ്പതു വാര്‍ഡുകളിലും അതാത് കൗണ്‍സിലര്‍മാര്‍ ഓരോ വീടുകളിലും കയറിയാണ് പെന്‍ഷന്‍ അര്‍ഹരെ കണ്ടെത്തിയത്. പെന്‍ഷന്‍ അപേക്ഷകളിലുണ്ടാകുന്ന കാലതാമസമാണ് അദാലത്തിലൂടെ ഒഴിവായി കിട്ടിയത്. സാധാരണ ഗതിയില്‍ നല്‍കിയ അപേക്ഷ ഏതെങ്കിലും കാരണത്താല്‍ നിരസിക്കപ്പെട്ടാല്‍ ഈ വിവരം അപേക്ഷകന്‍ അറിയുന്നത് ആറുമാസത്തിനു ശേഷമായിരിക്കും. അപാകത പരിഹരിച്ച് അപേക്ഷ നല്‍കിയാല്‍ തന്നെ പരിഗണിക്കപ്പെടാന്‍ വീണ്ടും കാലതാമസമെടുക്കും. രാവിലെ പത്തര മണിക്ക് തുടങ്ങിയ അദാലത്ത് വൈകീട്ട് നാലര മണിക്കാണ് അവസാനിച്ചത്.
മൂന്ന് വില്ലേജ് പ്രതിനിധികള്‍ക്കു പുറമെ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍, മുനിസിപ്പല്‍ ഹെല്‍ത്ത്-റവന്യൂ വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍, കൃഷി ഭവന്‍ ജീവനക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 10 കൗണ്ടറുകളാണ് തുറന്നത്.
പുറമെ പഴയ ഫയല്‍ പരിശോധിക്കാന്‍ മാത്രമായി ഒരു കൗണ്ടറും ഒരു ഹെല്‍പ്പ് ഡസ്‌ക്കും പ്രവര്‍ത്തിച്ചിരുന്നു. അദാലത്ത് അഡ്വ. എം ഉമ്മര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷന്‍മാരായ കണ്ണിയന്‍ അബുബക്കര്‍, എ പി മജീദ് മാസ്റ്റര്‍, പ്രതിപക്ഷ നേതാവ് കെ പി രാവുണ്ണി, മംഗലം ഗോപിനാഥ്, ടി പി വിജയകുമാര്‍, വല്ലാഞ്ചിറ ഷൗക്കത്തലി, ഇ കെ ചെറി, അഡ്വ. തോമസ് ബാബു, കുറ്റിക്കാടന്‍ കുഞ്ഞിമുഹമ്മദ് ഹാജി പ്രസംഗിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഇ കെ വിശാലാക്ഷി സ്വാഗതവും ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ നന്ദിനി വിജയകുമാര്‍ നന്ദിയും പറഞ്ഞു.

Latest