ചോമ്പാല്‍ തുറമുഖത്ത് കടുക്ക വാരല്‍ തൊഴിലാളികള്‍ ദുരിതത്തില്‍

Posted on: November 26, 2013 11:15 am | Last updated: November 26, 2013 at 11:15 am

വടകര: ചോമ്പാല്‍ തുറമുഖത്തെ ചെളിയും മണ്ണും നിക്ഷേപിക്കുന്നത് കടുക്ക വാരല്‍ തൊഴിലാളികള്‍ക്ക് ദുരിതമാകുന്നു.
മൂന്ന് കോടിയില്‍പ്പരം രൂപ ചെലവഴിച്ച് തുറമുഖത്തെ മണല്‍നിക്ഷേപം നീക്കം ചെയ്യാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് കരാര്‍ നല്‍കിയിരുന്നു. ചെളിയും മണ്ണും തുറമുഖത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ കടലില്‍ നിക്ഷേപിക്കണമെന്നാണ് ടെന്‍ഡര്‍ വ്യവസ്ഥ. എന്നാല്‍ കഴിഞ്ഞ ഒരു മാസക്കാലമായി കല്ലുമ്മക്കായ പറിക്കുന്ന സ്ഥലത്താണ് ചെളിയും മണ്ണും നിക്ഷേപിക്കുന്നത്. ഇതുകാരണം കല്ലുമ്മക്കായ മുഴുവനും നശിച്ചുപോവുകയും കല്ല് മൂടിപ്പോകുന്ന അവസ്ഥയുമാണ്. പകല്‍സമയത്ത് ടെന്‍ഡര്‍ വ്യവസ്ഥ പ്രകാരം ചളിയും മണ്ണും നിക്ഷേപിക്കുന്നുണ്ടെങ്കിലും രാത്രികാലങ്ങളിലാണ് കരാറുകാരന്‍ വ്യവസ്ഥ ലംഘിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ രാത്രികാലങ്ങളിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നത് നിരോധിക്കണമെന്ന് ചോമ്പാല്‍ കടുക്ക കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.