പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വിപണിയില്‍ സുലഭം

Posted on: November 25, 2013 12:53 pm | Last updated: November 25, 2013 at 12:53 pm

കല്‍പകഞ്ചേരി: നിരോധം കാറ്റില്‍പറത്തി പ്ലാസ്റ്റിക് കാരിബാഗുകള്‍ വിപണിയില്‍ സുലഭം.
പ്ലാസ്റ്റികിന്റെ മൈക്രോണ്‍ അളക്കുന്ന യന്ത്രം പഞ്ചായത്തുകളില്‍ ഇല്ലാത്തതിനാല്‍ അപകടകാരിയായ ഇവ പരിശോധിച്ച് കണ്ടെത്താന്‍ സംവിധാനമില്ലാത്തതാണ് ഇവയുടെ വ്യാപനം വിപണിയില്‍ വര്‍ധിക്കാന്‍ ഇടയാകുന്നതിന്‍ കാരണം. ഏറെ മാലിന്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഇവയുടെ ഉപയോഗ നിയന്ത്രണ കാര്യത്തില്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് അധിക്യതരും മൗനം പാലിക്കുകയാണ്.
30 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നില്ല. ഇവയുടെ വില്‍പനയും ഉപയോഗവും ഇപ്പോഴും തക്യതിയിലാണ്. ഇത്തരം പ്ലാസ്റ്റിക് കവറുകള്‍ നശിക്കാതെ കാലങ്ങളോളം മണ്ണില്‍ കിടന്ന് മണ്ണിന്റെ ഉറപ്പ് നശ്ടപ്പെടുത്താനും മണ്ണൊലിപ്പ് കൂട്ടാനും കാരണമാകുന്നു. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കാരിബാഗുകള്‍ പുതുതായോ പുനരുപയോഗം വഴിയോ ഉത്പാദിപ്പിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ഒരു മാസം വരെ തടവോ 200 രൂപവരെ പിഴയോ രണ്ടും കൂടിയ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. ഇവയുടെ എണ്ണം പതിനായിരത്തില്‍ കൂടിയാല്‍ അഞ്ച് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കാം.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് നിയമം നടപ്പാക്കേണ്ടത്. പകര്‍ച്ച വ്യാധികള്‍ തടയാന്‍ മാലിന്യ നിര്‍മാര്‍ജനത്തിന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോള്‍ പൊതു സ്ഥലങ്ങളില്‍ ഏറ്റവും കൂടുതല്‍ മാലിന്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കാരിബാഗുകളുടെ ഉപയോഗം കാണാതെ പോകുകയാണ്.