Connect with us

Business

സെന്‍സെക്‌സിനും നിഫ്റ്റിക്കും മൂന്നാം വാരത്തിലും തളര്‍ച്ച

Published

|

Last Updated

ബോംബെ സെന്‍സെക്‌സിനും നിഫ്റ്റിക്കും തുടര്‍ച്ചയായ മൂന്നാം വാരത്തിലും തളര്‍ച്ചയില്‍ നിന്ന് തിരിച്ചുവരവ് കാഴ്ച വെക്കാനായില്ല. വിദേശ ഫണ്ടുകള്‍ നിക്ഷേപ മനോഭാവത്തില്‍ വരുത്തിയ മാറ്റം വരും ആഴ്ചകളില്‍ വിപണിയെ കൂടുതല്‍ പിരിമുറുക്കത്തിലാക്കിയേക്കും. വ്യാഴാഴ്ച ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ നവംബര്‍ സീരിസ് സെറ്റില്‍മെന്റാണ്.
വിദേശ ഫണ്ടുകള്‍ ഏതാണ്ട് 32 ദിവസം വാങ്ങലുകാരായി നിലകൊണ്ട ശേഷം വ്യാഴാഴ്ച പ്രോഫിറ്റ് ബുക്കിംഗിന് രംഗത്ത് ഇറങ്ങി. സൂചിക നവംബര്‍ മൂന്നിന് ബി എസ് ഇ റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ചിരുന്നു. വര്‍ഷാന്ത്യത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ പുതിയ നിക്ഷേപങ്ങള്‍ അവര്‍ കുറക്കാന്‍ ഇടയുണ്ട്.
പിന്നിട്ടവാരം ബി എസ് ഇ സൂചിക തുടക്കത്തില്‍ ശക്തമായ കുതിപ്പിലുടെ സൂചിക 20,921 വരെ കയറി. ഇതിനിടയില്‍ ഫണ്ടുകള്‍ ലാഭമെടുപ്പ് ശക്തമാക്കിയതോടെ സൂചിക 20,145 ലേക്ക് താഴ്ന്നു. വാരാന്ത്യം സൂചിക 182 പോയിന്റെ പ്രതിവാര നഷ്ടത്തില്‍ 20,217 ലാണ്.
നിഫ്റ്റി വാരത്തിന്റെ തുടക്കത്തില്‍ 6212 വരെ കയറിയ വേളയിലെ വില്‍പ്പന തരംഗത്തില്‍ വിപണിക്ക് 6000 ലെ നിര്‍ണായക താങ്ങ് നഷ്ടമായി. നിഫ്റ്റി ഒരു വേള 5987 ലേയ്ക്ക് താഴ്ന്നു. മാര്‍ക്കറ്റ് 5995 ല്‍ ക്ലോസിംഗ് നടന്നു. ഈവാരം ആദ്യ താങ്ങ് 5917-5839 റേഞ്ചില്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഒരു തിരിച്ചു വരവിന് അവസരം ലഭിച്ചാല്‍ 6142-6289 വരെ ഉയരാം.
ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ വ്യാഴാഴ്ച നവംബര്‍ സീരീസ് സെറ്റില്‍മെന്റ്റാണ്. ഇന്നും ചൊവ്വ, ബുധന്‍ ദിനങ്ങളിലും നിക്ഷേപകര്‍ സ്വീകരിക്കുന്ന നിലപാട് ഡിസംബറില്‍ വിപണിയുടെ ചലനങ്ങളെ നിയന്ത്രിക്കും. വ്യാഴാഴ്ച വിദേശ ധനകാര്യസ്ഥാപനങ്ങള്‍ 9.5 ബില്യന്‍(950 കോടി) ഡോളറിന്റെ ഓഹരികള്‍ വിറ്റു.
സെന്‍സെക്‌സിന് മൂന്‍ തുക്കം നല്‍കുന്ന 30 ഓഹരികളില്‍ 19 എണ്ണതിന് തളര്‍ച്ച നേരിട്ടപ്പോള്‍ 11 എണ്ണം മികവ് കാണിച്ചു. സ്‌റ്റെര്‍ലൈറ്റ്, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ്മ, സിപ്ല തുടങ്ങിയവ തളര്‍ച്ചയിലാണ്. ചൈനയില്‍ നിന്നുള്ള അനുകുല വാര്‍ത്തകള്‍ സ്റ്റീല്‍ ഓഹരികള്‍ നേട്ടമാക്കി. ഹിന്‍ഡാല്‍ക്കോ, ടാറ്റാ സ്റ്റീല്‍, ജിന്‍ഡാള്‍ എന്നിവ മുന്നേറി. എസ് ബി ഐ, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ എന്നിവയിലും വാങ്ങല്‍ താത്പര്യം നിലനിന്നു.
അമേരിക്കന്‍ ഓഹരി വിപണികള്‍ ബുള്ളിഷ് ട്രന്‍ഡിലാണ്. ഡൗ ജോണ്‍സ് റെക്കോര്‍ഡായ 16,068 വരെ കയറി. നാസ്ഡാക്ക് സൂചികയും മികവിലാണ്. എസ് ആന്‍ഡ് പി ഇന്‍ഡക്‌സ് റെക്കോര്‍ഡായ 1800 ലേക്ക് ചുവടുവെച്ചു. സൂചിക 1825 വരെ ഉയരാന്‍ ഇടയുണ്ട്.

---- facebook comment plugin here -----

Latest