പിതാവും പുത്രിയും ഒരു ബ്രഹ്മചാരിയും

Posted on: November 25, 2013 6:00 am | Last updated: November 24, 2013 at 11:59 pm
amit shahhhh
മോഡിയും അമിത്ഷായും

ആണ്ടോടാണ്ട് അരങ്ങേറുന്ന സമ്പര്‍ക്ക മഹാമഹം. ജനങ്ങളുടെ പരാതി പരിഹരിക്കുക എന്നതിനപ്പുറത്ത് അവരുമായി കൂടുതല്‍ അടുക്കുക എന്നതാണ് സമ്പര്‍ക്കത്തിന്റെ ഉദ്ദേശ്യമെന്ന വിശദീകരണം. സമ്പര്‍ക്കവേദിയിലേക്ക് ആംബുലന്‍സിലും സ്ട്രച്ചറിലുമെത്തി വെയിലാറുവോളം കാത്തുകിടന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ കടാക്ഷക്കനിവ് ലഭിച്ചതിന്റെ അപദാനങ്ങള്‍ എമ്പാടും. അമൃതേത്തുകള്‍ ഒഴിവാക്കി, മോരും കട്ടന്‍ ചായയും കുടിച്ച് അര്‍ധരാത്രിയോളം ജനങ്ങള്‍ക്കൊപ്പം ചെലവിട്ട നേതാവിനെക്കുറിച്ചുള്ള സങ്കീര്‍ത്തനങ്ങള്‍ വേറെയുമുണ്ട്. മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ, ഉമ്മന്‍ ചാണ്ടി വീണ്ടും ജനസമ്പര്‍ക്കത്തിനിറങ്ങിയതെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. സോളാര്‍ കേസിലെ സമരത്തിന്റെ ഭാഗമായ ഉപരോധ വഴിപാട് എല്ലായിടത്തും അവര്‍ നടത്തുന്നുമുണ്ട്. എങ്കിലും സമ്പര്‍ക്കത്തിലേക്ക് ജനങ്ങള്‍, ധാരാളമായി എത്തുന്നു. ആ നിലക്ക് ഇതൊരു ജനകീയ പരിപാടിയാണ്. ഇന്ത്യന്‍ യൂനിയനിലെ ഇതര സംസ്ഥാനങ്ങളിലൊന്നും കാണാത്ത ഒന്നാണ് താനും.
ജനങ്ങളുടെ പ്രശ്‌നം നേരിട്ട് കേട്ട് പരിഹരിക്കാനെത്തുന്ന മുഖ്യമന്ത്രി. ജനകീയതയില്‍ ഉമ്മന്‍ ചാണ്ടിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ രാജ്യത്ത് മറ്റൊരാളില്ലെന്നാണ് കരുതിയിരുന്നത്. അവാര്‍ഡിന്റെ സാധുതയെക്കുറിച്ച് സംശയങ്ങളുന്നയിക്കപ്പെട്ടുവെങ്കിലും ഐക്യരാഷ്ട്ര സഭയുടെ നിര്‍ണയ ഏജന്‍സിയും അതുതന്നെ കരുതിയിരിക്കണം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ ജനകീയനായ മുഖ്യമന്ത്രിയാണ്, ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനം ലാക്കാക്കി പര്യടന മഹാമഹം നടത്തുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെന്ന് സംശയലേശമന്യെ വ്യക്തമായത് അടുത്തിടെയാണ്. പ്രായപൂര്‍ത്തിയായ മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിക്കുന്ന പിതാവിന്, ജനസമ്പര്‍ക്ക പരിപാടിയിലെത്തി പരാതി നല്‍കാനാകില്ല. ഇനി പരാതി നല്‍കിയാല്‍ തന്നെ, ഉപദേശിച്ച് മടക്കി അയക്കാനേ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കൂ. ഗുജറാത്തില്‍ സ്ഥിതി ഇതല്ല. മകളെക്കുറിച്ച് സംശയങ്ങളുള്ള പിതാവിന് നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാം. പെണ്‍കുട്ടിയെ നിരീക്ഷിക്കാന്‍ സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിലെ സമര്‍ഥരായ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി നിയോഗിക്കും. ഫോണ്‍ സംഭാഷണങ്ങള്‍ മുഴുവന്‍ ചോര്‍ത്തിയെടുക്കും. പെണ്‍കുട്ടി വഴിവിട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കി, പിതാവിന്റെ പരാതിക്ക് പരിഹാരം കാണും. മുഖ്യമന്ത്രി മുന്‍കൈ എടുത്ത് നടത്തുന്ന ഈ സേവനത്തെ പെണ്‍കുട്ടിയുടെ കുടുംബം പില്‍ക്കാലത്ത് നന്ദിയോടെ സ്മരിക്കുകയും ചെയ്യും.
ജനസമ്പര്‍ക്കം നൂറ്റിയൊന്ന് ആവര്‍ത്തിച്ചാലും ഇത്രത്തോളം ജനകീയനാകാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കില്ലെന്ന് നിശ്ചയം. ചില കുടുംബങ്ങളുടെ സ്വകാര്യ പ്രശ്‌നങ്ങള്‍, പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിട്ടില്ല എന്ന് പറയുന്നത് വസ്തുതാവിരുദ്ധമാകും. മുന്‍ മന്ത്രിയും പത്‌നിയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് കരാറുണ്ടാക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തിരുന്നു. മന്ത്രിസഭക്കും മുഖ്യമന്ത്രിക്ക് തന്നെയും പ്രതിച്ഛായാനഷ്ടമുണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച സോളാര്‍ കേസിലെ മുഖ്യ ആരോപണവിധേയരില്‍ ഒരാളായ ബിജു രാധാകൃഷ്ണന്‍, എറണാകുളത്തെ ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടതും കുടുംബ പ്രശ്‌നം പറയാനാണ്. തത്കാലത്തേക്കൊരു പരിഹാരമുണ്ടാക്കിയിരുന്നു അന്ന്. പക്ഷേ, ഏതെങ്കിലുമൊരു സാധാരണക്കാരന് ഈ സേവനം ലഭ്യമാക്കാന്‍ ഇവിടുത്തെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല, തയ്യാറാകുകയുമില്ല. ഇത്തരമൊരു വിവേചനം കാട്ടാന്‍ ഗുജറാത്തിലെ മുഖ്യമന്ത്രി നരേന്ദ്ര മോഡി തയ്യാറായില്ലെന്നാണ്, തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മകളെ നിരന്തരം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്ന് പിതാവ് പറയുമ്പോള്‍, വ്യക്തമാകുന്നത്. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പോലും പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിരീക്ഷിച്ച്, പരിഹരിക്കാന്‍ ശ്രദ്ധിക്കുന്ന, മുഖ്യമന്ത്രിയുണ്ടെങ്കില്‍ അദ്ദേഹമായിരിക്കുമല്ലോ ഏറ്റവും ജനകീയന്‍!
ഗുജറാത്തിലെ ഈ ജനസമ്പര്‍ക്കത്തിന് പക്ഷേ, താരതമ്യം അധോലോക സംഘങ്ങളുടെ പ്രവര്‍ത്തനരീതികളുമായാണ്. രഹസ്യ നിരീക്ഷണത്തിലൂടെയാണ് വിവര ശേഖരണം. എന്തിന് വേണ്ടിയാണ് വിവരം ശേഖരിച്ചത് എന്ന് പരസ്യപ്പെടുത്തില്ല. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളും പരസ്യമാകില്ല. തന്റെ സാമ്രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുവെന്നാണ് നിരീക്ഷണങ്ങളിലൂടെ ലഭിച്ച വിവരമെങ്കില്‍, ഉന്‍മൂലനമായിരിക്കും ചിലപ്പോള്‍ പരിഹാര ക്രിയ. കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടക്കലുമാകാം. എന്തിനും മടിക്കാത്ത സാഹെബ്. സാഹെബിന്റെ ഇംഗിതങ്ങളൊക്കെ സാധിപ്പിച്ച് നല്‍കാന്‍ തയ്യാറായിരിക്കുന്ന സഹമന്ത്രി. (മുന്‍ മന്ത്രിയാണെങ്കിലും സ്വാധീനശക്തി അളന്നാല്‍ ഇപ്പോഴും മന്ത്രിതുല്യനാണ് അമിത് ഷാ) അദ്ദേഹത്തിന് കീഴില്‍, മനശ്ചാഞ്ചല്യം കൂടാതെ എന്ത് ക്രൂരതയും കാട്ടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടം. 2002 മുതലിങ്ങോട്ട് ദീര്‍ഘകാലം ഗുജറാത്തില്‍ നിലനിന്ന ഈ ഭരണ സംവിധാനം അധോലോക സംവിധാനത്തെ വെല്ലുന്നതായിരുന്നു. സാഹെബിന് പ്രിയപ്പെട്ട യുവതിയെ നിരീക്ഷിക്കാന്‍ ഗുജറാത്ത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ ആ സംവിധാനം നിയോഗിച്ചുവെന്ന് പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. തന്റെ ആവശ്യപ്രകാരമാണ് മകളെ നിരീക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്ന് പിതാവ് ആവര്‍ത്തിച്ചാല്‍ അതിലും അത്ഭുതമില്ല.
ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി നടന്ന ബെസ്റ്റ് ബേക്കറി കൂട്ടക്കൊല കേസില്‍ സാക്ഷിയായിരുന്ന സാഹിറ ശൈഖിനെ സ്വാധീനിക്കാന്‍ മോഡി ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന ശ്രമങ്ങള്‍ കുപ്രസിദ്ധമാണ്. വംശഹത്യാ കേസുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നതും തര്‍ക്കമറ്റ വസ്തുതയാണ്. ഇതിനെയൊക്കെ പിന്തുണച്ച ഭരണകൂടത്തിന്, ഈ കേസില്‍ മോഡിക്ക് അനുകൂലമായി ഒരു മൊഴി ഉണ്ടാക്കിയെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. പെണ്‍കുട്ടിയുടെ പിതാവ് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ, ഈ സംഭവം പ്രസക്തമല്ലാതായെന്ന് വാദിച്ച് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടത് ബി ജെ പിയുടെ ആവശ്യമാണ്. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഉറച്ച പ്രവര്‍ത്തകനും ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന സഞ്ജയ് ജോഷിയെ ലൈംഗിക അപവാദക്കേസിലുള്‍പ്പെടുത്താന്‍ വ്യാജ ദൃശ്യങ്ങള്‍ ചമച്ചതിന് പിന്നില്‍ സാഹെബായിരുന്നുവെന്ന് ആരോപണമുണ്ടായിട്ട് അതേക്കുറിച്ചൊന്ന് അന്വേഷിക്കാന്‍ പോലും തയ്യാറാകാതെ മോഡിക്ക് പിറകില്‍ ഉറച്ചുനിന്ന പാര്‍ട്ടിയാണ് ബി ജെ പി. ഇക്കാലമത്രയും ഗുജറാത്തില്‍ അരങ്ങേറിയ ക്രൂരതകളെ, ന്യായീകരിച്ച പാര്‍ട്ടിയില്‍ നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നതാണ് തെറ്റ്.
പിതാവ് കാര്യങ്ങള്‍ വ്യക്തമാക്കിയെന്ന് പറയുന്ന ബി ജെ പി, എന്ത് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകളെ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടത് എന്ന് പിതാവ് വ്യക്തമാക്കിയിട്ടിെല്ലന്നത് ഓര്‍ക്കണം. പെണ്‍കുട്ടി ഹോട്ടലില്‍ താമസിക്കുകയാണെങ്കില്‍ അവിടെ പുരുഷന്‍മാരാരെങ്കിലുമുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണമെന്ന് സാഹെബ് ആവശ്യപ്പെട്ടതായി അമിത് ഷാ പറയുന്നുണ്ട്. ഇത്രയും താത്പര്യം, ബ്രഹ്മചാരിയായി അറിയപ്പെടുന്ന സാഹെബ് പ്രകടിപ്പിച്ചത് എന്തുകൊണ്ടെന്ന സംശയവും നിലനില്‍ക്കുന്നു. മറച്ചുവെക്കാന്‍ ചിലതുള്ളതുകൊണ്ടാണ് നിരന്തര നിരീക്ഷണമുണ്ടായതെന്നും ഈ പെണ്‍കുട്ടിയില്‍ നിന്ന് ചില വിവരങ്ങള്‍ താനറിഞ്ഞിട്ടുണ്ട് എന്ന തെറ്റിദ്ധാരണ മൂലമാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ ആരോപിച്ചിട്ടുണ്ട്.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യാജമായി തയ്യാറാക്കി എന്ന ആരോപണം നേരിടുന്നുണ്ട് ഗുജറാത്ത് ഭരണകൂടം. അങ്ങനെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയെന്ന് ആരോപിക്കപ്പെടുന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടി വേണം നിയമവിരുദ്ധമായ നിരീക്ഷണങ്ങളെ വിലയിരുത്താന്‍. മറ്റാരൊക്കെ ഇത്തരത്തില്‍ നിരീക്ഷിക്കപ്പെട്ടിരുന്നുവെന്ന ചോദ്യവും പ്രസക്താണ്. നരേന്ദ്ര മോഡിയുടെ വിമര്‍ശകര്‍ നിശ്ചയമായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ടാകണം. മോഡിയുടെ കാര്‍മികത്വത്തില്‍ അരങ്ങേറിയ വംശഹത്യ, വ്യാജ ഏറ്റുമുട്ടല്‍ പരമ്പരകളുടെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ യത്‌നിച്ചവരും നിരീക്ഷണവിധേയരായിട്ടുണ്ടാകും. വിമര്‍ശകര്‍ സുരക്ഷിതരായി ഇരിക്കേണ്ടത്, നടപ്പ് സമ്പ്രദായം ജനാധിപത്യത്തിന്റെതാണെന്ന് പുറം ലോകത്തെ ബോധ്യപ്പെടുത്താന്‍ മോഡിയുടെത് പോലുള്ളൊരു ഭരണകൂടത്തിന് അനിവാര്യമാണ്. അതിനാല്‍ വിമര്‍ശകരെ നിരീക്ഷിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ സ്വയം പ്രതിരോധത്തിന് വേണ്ടി ഉപയോഗിക്കുക മാത്രമേ ചെയ്തിട്ടുണ്ടാകൂ. ഏറ്റുമുട്ടല്‍ കൊലകള്‍ സൃഷ്ടിക്കാന്‍ മടിയില്ലാത്ത കൂട്ടര്‍ക്കിടയില്‍ വിമര്‍ശകരിപ്പോഴും ജീവാപായമില്ലാതെ തുടരുന്നത് അതുകൊണ്ടാകണം. വിമര്‍ശകരായ ഉദ്യോഗസ്ഥര്‍ പ്രതികാര നടപടികള്‍ക്ക് വിധേയരാകുന്നുണ്ട് എന്നത് മറന്നല്ല ഇത് പറയുന്നത്.
ഫാസിസ്റ്റ് സ്വഭാവം നിലനിര്‍ത്തുന്ന ഭരണകൂടവും അതിന്റെ എല്ലാ ക്രൂരതകളെയും പിന്തുണക്കുന്ന ഉദ്യോഗസ്ഥരും പരസ്പരം സംശയിക്കുക സ്വാഭാവികമാണ്. കൂറുകാട്ടി കൂടെ നില്‍ക്കുന്നവരെയാകും ഇത്തരം ഭരണകൂടം കൂടുതല്‍ നിരീക്ഷണത്തിന് വിധേയരാക്കുക എന്ന ബോധ്യം സിംഗാളിനുണ്ട്. അതുകൊണ്ടാണ്, പെണ്‍കുട്ടിയെ നിരീക്ഷിക്കാന്‍ അമിത് ഷാ ഫോണിലൂടെ നിര്‍ദേശിച്ചത് റെക്കോര്‍ഡ് ചെയ്യാന്‍ ഐ പി എസ് ഉദ്യോഗസ്ഥനായ ജി എല്‍ സിംഗാള്‍ തീരുമാനിച്ചത്. അമിത് ഷാ കൂടി ആരോപണവിധേയനായ ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനാണ് സിംഗാള്‍. ഇത്തരത്തില്‍ ആരൊക്കെ എന്തൊക്കെ രേഖപ്പെടുത്തിവെച്ചിട്ടുണ്ട് എന്നത് മോഡിയെയും കൂട്ടരെയും തുടര്‍ന്നും വേവലാതിപ്പെടുത്തിക്കൊണ്ടേയിരിക്കും.
കൂടെയുണ്ടായിരുന്നവര്‍ കൂറുമാറിയാല്‍ ഇക്കൂട്ടരെന്താണ് ചെയ്യുക? ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ അനുഭവം അതിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. പാണ്ഡ്യയുടെ കൊലക്ക് പിന്നില്‍ നരേന്ദ്ര മോഡിയാണെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്. 2002ലെ വംശഹത്യയെക്കുറിച്ച് അന്വേഷിച്ച സ്വതന്ത്ര കമ്മീഷനോട് ഹരേണ്‍ പാണ്ഡ്യ സംസാരിച്ചുവെന്നും അതിനു ശേഷം പാണ്ഡ്യയുടെ ഫോണ്‍ ചോര്‍ത്താന്‍ മോഡി ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നുവെന്നും നാനാവതി കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍ ഗുജറാത്ത് മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞിട്ടുണ്ട്. ശങ്കര്‍ സിംഗ് വഗേല, കേശുഭായ് പട്ടേല്‍ തുടങ്ങിയ നേതാക്കളും നിരന്തര നിരീക്ഷണത്തിന്‍ കീഴിലായിരുന്നുവെന്ന് ശ്രീകുമാര്‍ പറയുന്നു. പരീക്ഷിച്ച് വിജയം കണ്ട ഇത്തരമൊരു ‘ജനസമ്പര്‍ക്ക’ സംവിധാനം രാജ്യത്താകെ സ്ഥാപിക്കുന്നതിനാണ് നരേന്ദ്ര മോഡി ഇപ്പോള്‍ പര്യടനം നടത്തുന്നത്. സാഹെബിന്റെ വിമര്‍ശകരും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും ഒരുപോലെ കരുതിയിരിക്കുക. അത്തരം കരുതലുള്ളതുകൊണ്ടാണ് മോഡി അധികാരത്തിലെത്തിയാല്‍ രാജ്യം വിട്ട് പോകുമെന്ന് യു ആര്‍ അന്തമൂര്‍ത്തിയെപ്പോലുള്ളവര്‍ പ്രഖ്യാപിക്കുന്നത്.

[email protected]