Connect with us

Gulf

കാലാവസ്ഥ സാധാരണ നിലയിലേക്ക്

Published

|

Last Updated

ദുബൈ: ഇന്ന് യു എ ഇയില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍, തണുത്ത കാറ്റിനും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. റോഡ് നനഞ്ഞുകിടക്കുന്നതിനാലും പുകമഞ്ഞ് കനക്കുന്നതിനാലും അപകട സാധ്യതയുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്നിടങ്ങളില്‍ വാഹനം കൊണ്ടുപോകാതിരിക്കുന്നതാണ് ഉചിതം. റോഡിലെ വെള്ളത്തിന്റെ ആഴം അറിയുക എളുപ്പമല്ല. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കണം. രാത്രിയും പുലര്‍ച്ചെയും പുകമഞ്ഞിന് സാധ്യത കൂടുതലാണ്. ഭാരവാഹനങ്ങള്‍ ഈ സമയത്ത് നിരത്തിലിറക്കാന്‍ പാടില്ല.
യു എ ഇയില്‍ പലഭാഗങ്ങളിലും വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബൈ-അബുദാബി ശൈഖ് സായിദ് റോഡിലാണ് ഏറെയും. ഇവിടെ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു. ശൈഖ് സായിദ് റോഡില്‍ അഞ്ച് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം അശ്രദ്ധകൊണ്ടാണെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്തിന് അല്‍ വര്‍ഖ ഏരിയയില്‍ മോട്ടോര്‍ ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ചായിരുന്നു രണ്ട് പേര്‍ മരിച്ചത്. റോഡരികിലെ മണലിലൂടെ അതിവേഗം ഓടിക്കുകയായിരുന്ന ബൈക്ക് തെന്നി റോഡിലേക്ക് പതിച്ച് ഫോര്‍ വീലറിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ സ്വദേശി യുവാക്കളാണ് മരിച്ചതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍ പറഞ്ഞു.
ശൈഖ് സായിദ് റോഡില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് ഒരു കാറിന് തീ പിടിച്ചതാണ് അപകടത്തിനു കാരണം. ഇക്കഴിഞ്ഞ ദിവസം രാവിലെ ഏഴിനായിരുന്നു സംഭവമെന്ന് മേജര്‍ ജനറല്‍ സഫീന്‍ പറഞ്ഞു. മഴയില്‍ നനഞ്ഞുകിടന്നിരുന്ന റോഡില്‍ നിന്ന് തെന്നി ഡിവൈഡറിലിടിച്ച കാറിലേക്ക് വലതുവശത്ത് സഞ്ചരിക്കുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പിന്നാലെയെത്തിയ മറ്റ് മൂന്ന് കാറുകളും ഇടിച്ചു. അപകടത്തിന് കാരണമായ വാഹനമോടിച്ച യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴയത്ത് അപകട സാധ്യത കൂടുതലായതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
യു എ ഇ-ഒമാന്‍ അതിര്‍ത്തിയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആള്‍നാശമുണ്ടായി. ഉമ്മുല്‍ ഖുവൈനിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്.