ഇറാന്റെ ആണവ പദ്ധതി: കരാര്‍ ഒപ്പിടാനുള്ള ചര്‍ച്ച ആരംഭിച്ചു

Posted on: November 24, 2013 7:26 am | Last updated: November 24, 2013 at 7:26 am

download (1)ജനീവ: ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ജനീവയില്‍ ആരംഭിച്ച ചര്‍ച്ചയില്‍ നിര്‍ണായക ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മേധാവികളുടെ സംഘം ജനീവയിലെത്തി. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് സംഘത്തെ നയിക്കുന്നത്. യു എന്‍ സ്ഥിരാംഗങ്ങളായ ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെയും ജര്‍മനിയിലെയും വിദേശകാര്യ മേധാവികള്‍ ജനീവയിലെത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
ഇറാനുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് അറിയിച്ചിരുന്ന കെറി, വെള്ളിയാഴ്ച യൂറോപ്യന്‍ യൂനിയന്‍ വിേദശകാര്യ മേധാവി കാതറിന്‍ ആഷ്തണുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ജനീവയിലെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. രണ്ടാഴ്ചക്കിടെ ഇത് രണ്ടാംവട്ടമാണ് ഇറാന്റെ ആണവ വിഷയം ഏഴംഗ വിദേശകാര്യ മന്ത്രിമാരുടെ സംഘം ചര്‍ച്ച ചെയ്യുന്നത്. ജനീവയില്‍ ബുധനാഴ്ച ആരംഭിച്ച ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായതിനെ തുടര്‍ന്നാണ് ആറ് രാജ്യങ്ങളിലെയും വിദേശകാര്യ മേധാവികള്‍ ജനീവയിലെത്തിയത്. ഇറാനുമേല്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുമെന്നും പകരം യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ വെട്ടിച്ചുരുക്കുമെന്നുമുള്ള വ്യവസ്ഥയില്‍ നാല് ദിവസമായി തുടരുന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. യുറേനിയം സമ്പുഷ്ടീകരണം വെട്ടിച്ചുരുക്കിയാല്‍ ഇറാന്റെ സാമ്പത്തിക മേഖലയെ തളര്‍ത്തിയ ഉപരോധങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറാണെന്ന് ചര്‍ച്ചയില്‍ യു എസ് പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
അതേസമയം, തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണം വൈദ്യുതിയടക്കമുള്ള ആഭ്യന്തര ആവശ്യങ്ങള്‍ക്കാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ള്വരീഫ് ആവര്‍ത്തിച്ചു. ഇറാന്‍ ആണവോര്‍ജം ഉത്പാദിപ്പിക്കുന്നത് ആയുധങ്ങള്‍ നിര്‍മിക്കാനാണെന്ന ആരോപണത്തെ അദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.
അതിനിടെ, ഇറാനുമായുള്ള ആണവ ചര്‍ച്ച വിജയത്തിലെത്തിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ്. വിവാദമായ ആണവ പദ്ധതിയില്‍ ഇറാനും ആറ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാനായി ജനീവയിലെത്തിയ ഹേഗ് മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം അറിയിച്ചത്.