Palakkad
കുളമ്പുരോഗം: കന്നുകാലി ഉടമകള്‍ അപേക്ഷ നല്‍കിയാല്‍ ധനസഹായം- ജില്ലാ കോ-ഓര്‍ഡിനേറ്റര്‍
 
		
      																					
              
              
            പാലക്കാട്: കുളമ്പുരോഗം മൂലം മരണപ്പെടുകയും രോഗം ബാധിച്ച് കിടക്കുകയും ചെയ്യുന്ന കന്നുകാലികളുടെ ഉടമകള്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്നും മറ്റ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ട് ക്ഷീര കര്‍ഷക തൊഴിലാളി കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) ജില്ലാ മൃഗസംരക്ഷണ ഓഫീസിന് മുന്നില്‍ സമരം നടത്തി.
തുടര്‍ന്ന് കുളമ്പുരോഗ നിയന്ത്രണ ജില്ലാ കോ-ഓര്‍ഡിനേറ്ററെ സമരക്കാര്‍ തടഞ്ഞുവെച്ചു. രാവിലെ 10 മണിയോടെ തുടങ്ങിയ സമരം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. കുളമ്പുരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കന്നുകാലികളുടെയും ചത്തുപോയ കന്നുകാലികളുടെയും ഉടമസ്ഥര്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി ധനസഹായം നല്‍കുക, ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കുക, മരുന്നുകള്‍ക്ക് വില നിയന്ത്രണം ഏര്‍പ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.
മൃഗാശുപത്രികള്‍ മുഖാന്തിരം കന്നുകാലികളുടെ ഉടമകള്‍ അപേക്ഷകള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തിച്ചാല്‍ ധനസഹായം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കന്നുകാലികള്‍ക്ക് കുളമ്പുരോഗം ബാധിക്കുന്ന സമയത്ത് തന്നെ അതാത് മൃഗാശുപത്രികളിലേക്ക് ധനസഹായത്തിന് അപേക്ഷ നല്‍കണമെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന കന്നുകാലികളുടെ ഉടമകള്‍ക്ക് പഞ്ചായത്തുകളില്‍ നിന്ന് നിലവില്‍ 10,000 രൂപ നല്‍കുന്നുണ്ട്, ഈ തുക വര്‍ധിപ്പിക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്ന കന്നുകാലികളുടെ ഉടമകള്‍ മൃഗാശുപത്രി മുഖാന്തിരം ചികിത്സാ ധനസഹായത്തിന് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കുളമ്പുരോഗ നിയന്ത്രണ പദ്ധതിയില്‍ സംസ്ഥാനതല ഫണ്ടില്‍ നിന്നും പാലക്കാട് ജില്ലക്ക് പ്രത്യേക അനുമതിയോടെ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വേണുഗോപാല്‍ ഉറപ്പു നല്‍കി. സമരത്തിന് ക്ഷീര കര്‍ഷക തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം കെ ഗിരീഷ്‌കുമാര്‍, പി പി ശിവശങ്കരന്‍, എം ഗിരീഷ്, എന്‍ ശശികുമാര്‍, കെ എസ് ഷൈന്‍, വിജയന്‍ പുതുനഗരം, ഇ ഗോവിന്ദന്‍കുട്ടി, സലീം, രാമചന്ദ്രന്‍ നേതൃത്വം നല്‍കി.—

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

