തൊഴിലാളികളുടെ അവസ്ഥ സംബന്ധിച്ചു പ്രചരിക്കുന്നത് പെരുപ്പിച്ച റിപ്പോര്‍ട്ടുകള്‍ : ഖത്തര്‍

Posted on: November 24, 2013 6:45 am | Last updated: November 24, 2013 at 6:45 am

ദോഹ:അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍, യൂറോപ്യന്‍ പാര്‍ലിമെന്റ്‌റ് തുടങ്ങിയവ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളില്‍ ഖത്തര്‍ തൊഴില്‍അവസ്ഥകളെ പറ്റി വന്നിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ യാഥാര്‍ഥ്യവുമായി ഏറെ അകന്നു നില്‍ക്കുന്നതും പെരുപ്പിച്ചു കാട്ടിയതുമാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഇത് സംബന്ധമായി പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലാണ് ഖത്തര്‍ തൊഴില്‍ സാഹചര്യങ്ങളെ സ്പര്‍ശിക്കുന്ന പ്രസ്തുതറിപ്പോര്‍ട്ടിനെതിരെ മന്ത്രാലയം നിലപാടറിയിച്ചത്. ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.ശ്രദ്ധയില്‍ പെട്ടയുടനെ അവയില്‍ പരിഹാരം കാണുകയുമുണ്ടായി.എന്നിട്ടും പഴയ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് പലരും അഭിപ്രായം പറയുന്നത്.നിര്‍മ്മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ രാജ്യം ഗൗരവത്തിലെടുത്തിട്ടുണ്ട്.ആയതു പരിശോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വിദേശ തൊഴിലാളികളോട് മോശം സമീപനം സ്വീകരിക്കുന്ന കമ്പനികളോട് കടുത്ത നിലപാടാണ് എന്നും സ്വീകരിച്ചുവന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് നടത്തിയ പരാമര്‍ശത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെയാണ് ഖത്തര്‍ കാണുന്നതെന്നും മന്ത്രാലയവാര്‍ത്താക്കുറിപ്പില്‍ പറയുന്നു.