മുഖ്യമന്ത്രിയെ ന്യായീകരിച്ചും ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചും ലീഗ്‌

Posted on: November 23, 2013 10:00 am | Last updated: November 24, 2013 at 6:22 am

league

കോഴിക്കോട്‌: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ന്യായീകരിച്ചും ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചും ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ മുഖപ്രസംഗം. മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തത്്് സംശയത്തിനിടയാക്കുന്നു. കണ്ണൂര്‍ കേസില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.പല കേസുകളിലും ചിലരെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നു. ഗുരുതര വീഴ്ചയില്‍ നിന്ന്്് പോലീസിന് ഓടിയൊളിക്കാന്‍ കഴിയില്ലെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു.

(മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം)

ഈ ആലസ്യം പൊലീസിന്റെ ആഘാതം
സംസ്ഥാന മുഖ്യമന്ത്രി കണ്ണൂരില്‍ വെച്ച് ആക്രമിക്കപ്പെട്ടിട്ട് മാസം തികയുന്നു. പക്ഷേ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇനിയും പൊലീസിന് കഴിയാത്തത് നമ്മുടെ നിയമ ഭരണത്തിലുള്ള വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണ്. ഇന്നലെ ഹൈക്കോടതി ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്തു. അതിക്രൂരമായാണ് മുഖ്യമന്ത്രി കണ്ണൂര്‍ നഗര മധ്യത്തില്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നത് പകല്‍ പോലെ തെളിഞ്ഞ സത്യവുമാണ്. നഗരത്തില്‍ നടന്നിരുന്ന പൊലീസ് കായിക മേളയുടെ സമാപനത്തോടനുബന്ധിച്ച ചടങ്ങില്‍ സംബന്ധിക്കാന്‍ മുഖ്യമന്ത്രി പൊലീസ് മൈതാനത്തേക്ക് വരുമ്പോഴാണ് കല്ലേറുണ്ടായത്. പൊലീസിന്റെ സംഘബലത്തില്‍ ഒരു ഭരണാധികാരി ആക്രമിക്കപ്പെട്ടതിന് ശേഷം രാഷ്ട്രീയമായി വലിയ കോളിളക്കമുണ്ടായി. മുഖ്യമന്ത്രിയുടെ മുഖത്ത് പരുക്കേറ്റു. അദ്ദേഹം ആസ്പത്രിയിലായി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചപ്പോള്‍ പതിവ് പോലെ സി.പി.എം നേതൃത്വം തങ്ങളല്ല ആക്രമണത്തിന് പിറകില്ലെന്ന് പറഞ്ഞ് കൈകഴുകി.

പക്ഷേ ഇപ്പോഴും കേസില്‍ മുഖ്യപ്രതികള്‍ പിടിക്കപ്പെട്ടില്ല എന്ന സത്യം ഞെട്ടിപ്പിക്കുന്നതാണ്. പൊലീസിന്റെ കൈവശം സമരക്കാരായ സി.പി.എമ്മുകാരുടെ ദൃശ്യങ്ങളുണ്ട്. കല്ലെറിയുന്നവരുടെ കാഴ്ച്ചകളുണ്ട്. വാര്‍ത്താ ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. തെളിവുകള്‍ ഈ വിധം പരന്ന് കിടക്കവെ പൊലീസ് ഇരുട്ടില്‍ തപ്പുന്നതിന്റെ കാര്യകാരണങ്ങള്‍ തേടുന്നവര്‍ക്ക് മുന്നില്‍ ഉത്തരമൊന്നുമില്ല. കേസില്‍ ചിലര്‍ അറസ്റ്റിലായിട്ടുണ്ട്. പക്ഷേ അവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കപ്പെട്ടിട്ടില്ല. ഇവരുടെ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട കേസിലെ ദുരൂഹത തേടിയത്. മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നു ഒരു മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതെങ്കില്‍ എന്താവുമായിരുന്നു പുകില്. തീര്‍ത്തും ജനകീയനായ, ജനങ്ങളില്ലാതെ തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറയുന്ന ഒരു ഭരണാധിപന്‍ ആക്രമിക്കപ്പെട്ടെങ്കില്‍ ആ ഗുരുതരമായ വീഴ്ച്ചയില്‍ നിന്ന് പൊലീസിന് ഒരിക്കലും ഓടിയൊളിക്കാനുമാവില്ല.

കേരളാ പൊലീസ് ശക്തമായി പ്രവര്‍ത്തിക്കുമ്പോഴും സേനയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടുന്ന ചില സംഭവങ്ങള്‍ അങ്ങിങ്ങായി അരങ്ങേറുന്നുണ്ട്. ഇതില്‍ അവസാനത്തേതാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വനിതാ പൊലീസ് വാര്‍ഡന്‍ ആക്രമിക്കപ്പെട്ടത്. സ്വന്തം സേനയിലെ ഒരു വനിതാ അംഗം നടുറോഡില്‍ പരസ്യമായി ആക്രമിക്കപ്പെട്ടിട്ടും പ്രതിക്കെതിരെ ശക്തമായ നടപടികള്‍ക്ക് പൊലീസിലെ ചിലര്‍ വിസമ്മതിച്ചു. മാധ്യമങ്ങള്‍ ശക്തമായി ഇടപെട്ടതിന്റെ ഫലമായി പ്രതി പൊലീസില്‍ ഹാജരായി. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പോലും തടയാന്‍ ശ്രമമുണ്ടായി. കൂടാതെ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ കാര്യങ്ങളല്ല രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ആര്‍ക്ക് വേണ്ടിയാണ് ഇതെല്ലാം എന്നതാണ് വലിയ ചോദ്യം. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ ഭരണകൂടം ശക്തമായി ഇടപെടുമ്പോള്‍ നിയമ സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട ഒരു വനിത ആക്രമിക്കപ്പെട്ടിട്ട് അവര്‍ക്ക് പോലും നീതി ലഭിക്കുന്നില്ല എന്ന് വരുമ്പോള്‍ അത് നാണക്കേടാണ്. വനിതാ വാര്‍ഡന്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. പലവട്ടം താന്‍ പരാതിപ്പെട്ടിട്ടും കര്‍ക്കശമായ നടപടിക്ക് പൊലീസിലെ ചില ഉന്നതര്‍ തടസം നില്‍ക്കുകയാണെന്നാണ് വനിത പറയുന്നത്. തനിക്ക് ജോലിയല്ല പൊലീസിലെ കള്ളനാണയങ്ങളെ തുറന്ന് കാട്ടുകയാണ് പ്രധാനമെന്ന് പറയാന്‍ പോലും വനിതാ വാര്‍ഡന്‍ ധൈര്യം പ്രകടിപ്പിക്കുമ്പോള്‍ അവര്‍ അനുഭവിച്ച മാനസിക പീഡനം ചെറുതല്ല എന്ന് വ്യക്തം.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പെടെ നമ്മുടെ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ സ്തുത്യര്‍ഹമായ അന്വേഷണം നടത്തിയ പൊലീസ് തന്നെയാണ് ചിലരെ രക്ഷിക്കാന്‍ വഴിവിട്ട് സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പോലും ആലസ്യം പ്രകടിപ്പിക്കുമ്പോള്‍ അത് സേനയിലുള്ള വിശ്വാസ്യതയെ തന്നെയാണ് ബാധിക്കുന്നത്. വിവാദമായ പന്തിരിക്കര പെണ്‍വാണിഭ കേസിലും പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്.

സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നതില്‍ പറ്റിയ ഗുരുതരമായ വീഴ്ച്ച സംഭവിച്ച സാഹചര്യത്തില്‍ എത്രയും വേഗം യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് പൊലീസ് തന്നെയാണ്. പക്ഷേ ഹൈക്കോടതി ചോദിച്ചിരിക്കുന്നത് ഈ കാര്യത്തില്‍ ബാഹ്യ ഇടപെടലുകള്‍ക്ക് പൊലീസ് വഴങ്ങുന്നുവോ എന്നാണ്. കണ്ണൂരിലെ ആക്രമണത്തിന് പിറകില്‍ സി.പി.എം പ്രവര്‍ത്തകരാണ് എന്നത് തെളിയിക്കപ്പെട്ടതാണ്. അവരെ അറസ്റ്റ് ചെയ്യാനും അവര്‍ക്കെതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കാനും എന്താണ് തടസമെന്ന് വ്യക്തമല്ല. പൊലീസിലെ സി.പി.എമ്മുകാര്‍ തന്നെയാണ് പലപ്പോഴും സേനയുടെ പ്രവര്‍ത്തനങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതിന് പിറകില്‍ പോലും ചില പൊലീസുകാരുടെ ഇടപെടലുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ യാത്രാ വഴികള്‍ പോലും ചോര്‍ത്തി അത് സമരക്കാര്‍ക്ക് നല്‍കി. ഔദ്യോഗിക രഹസ്യങ്ങള്‍ അതീവ രഹസ്യമായി കാത്തുസൂക്ഷിക്കേണ്ടവര്‍ തന്നെ രാഷ്ട്രീയമായ ഇടപെടലുകള്‍ നടത്തുന്നത് ഗുരുതരമായ വീഴ്ച്ചയാണ്. ഭാഗ്യത്തിനാണ് അന്ന് മുഖ്യമന്ത്രി വലിയ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. അദ്ദേഹത്തിനെതിരെ ആക്രോശിച്ച് നീങ്ങിയ സമരക്കാര്‍ എന്തും ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിച്ചിരുന്ന മന്ത്രി കെ.സി ജോസഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ് എന്നിവരും ആക്രമിക്കപ്പെട്ടു. നെഞ്ചില്‍ കല്ല് പതിച്ചിട്ടും വേദന സഹിച്ച് അക്രമികളോട് സൗമ്യനായി സംസാരിച്ച മുഖ്യമന്ത്രി ഇത് വരെ തന്നെ ആക്രമിച്ചവരുടെ കാര്യം പൊലീസിനോട് ചോദിച്ചിട്ടില്ല. സംഭവ ദിവസം ഹര്‍ത്താല്‍ പോലും പാടില്ലെന്ന് കര്‍ക്കശമായി നിഷ്‌കര്‍ഷിച്ച ശക്തനായ ഒരു ഭരണാധിപനെ ആക്രമിച്ചവര്‍ ഒരു തരത്തിലുമുള്ള ഔദാര്യവും അര്‍ഹിക്കുന്നില്ല. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇടപെടേണ്ടിയിരിക്കുന്നു.