സംസ്ഥാന സ്‌കൂള്‍ കായികമേള: പാലക്കാട് മുന്നില്‍

Posted on: November 23, 2013 5:34 pm | Last updated: November 24, 2013 at 6:35 am
chitra athira ananthu
ചിത്ര, ആതിര, അനന്ദു

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യദിനം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പാലക്കാട് മുന്നില്‍. ആദ്യസ്വര്‍ണവും വെള്ളിയും സ്വന്തമാക്കി പാലക്കാട് തുടങ്ങിയ കുതിപ്പ് തുടരുകയാണ്. മീറ്റില്‍ ഇന്ന് മൂന്ന് ദേശീയ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചു. 18 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാടിന് 44 പോയിന്റുണ്ട്. 33 പോയിന്റുമായി ആതിഥേയറായ എറണാകുളമാണ് രണ്ടാം‌ സ്ഥാനത്ത്. 20 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ താരം പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്രയും ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ കെ.ആര്‍ ആതിരയും സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ കെ.എസ്. അനന്തുവുമാണ് ദേശീയ റെക്കോഡ് തിരുത്തിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വി.ഡി. അഞ്ജലി മീറ്റ് റെക്കോഡും തിരുത്തി.

9:54:90 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ചിത്ര ദേശീയ റെക്കോര്‍ഡ് മറികടന്നത്. മലയാളി താരം ഷമീന ജബ്ബാര്‍ 2006ല്‍ സ്ഥാപിച്ച റക്കോര്‍ഡ് (9:55:62) ആണ് ചിത്ര തിരുത്തിയത്. ആദ്യ മീറ്റിനിറങ്ങിയ കെ ആര്‍ ആതിര 9:54:10 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ദേശീയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. നേരത്തെ യു പിയുടെ ഋതു ദിനകറിന്റെ പേരിലായിരുന്നു ദേശീയ റെക്കോര്‍ഡ് (10:00:03). സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.89 മീറ്റര്‍ ഉയരം താണ്ടിയാണ് കെ.എസ്. അനന്തു ദേശീയ റെക്കോഡ് തിരുത്തിയത്. ഡെല്‍ഹിയുടെ സിക്കന്ദര്‍ 2008ല്‍ സ്ഥാപിച്ച 1.88 മീറ്ററിന്റെ റെക്കോഡാണ് തിരുത്തപ്പെട്ടത്.

മഹാരാജാസ് കോളേജ് സിന്തറ്റിക് ട്രാക്കില്‍ മന്ത്രി കെ. ബാബു മീറ്റ് ഉദ്ഘാടനം ചെയ്തു.  95 ഇനങ്ങളിലായി 2595 പ്രതിഭകളാണ് മത്സരിക്കുന്നത്. നഗരത്തിലെ 14 സ്‌കൂളുകളിലായാണ് മത്സരാര്‍ത്ഥികള്‍ക്ക് താമസമൊരുക്കിയിരിക്കുന്നത്. എസ്ആര്‍വി സ്‌കൂളിലാണ് ഊട്ട്പുര സജ്ജീകരിച്ചിരിക്കുന്നത്.

പോയിന്റ് പട്ടിക

 Palakkad    44
   Ernakulam    33
   Kozhikode    20
   Idukki    14
   Wayanad    12
   Malappuram    11
   Thrissur    8
   Thiruvananthapuram    8
   Kannur    5
   Kollam    3
   Pathanamthitta    3
   Kottayam    1