ശ്രീലങ്കന്‍ യുവാവിനെ 27ന് ചെന്നൈയിലെത്തിക്കും

Posted on: November 23, 2013 12:30 am | Last updated: November 22, 2013 at 11:30 pm

തലശ്ശേരി: കഴിഞ്ഞ അഞ്ച് മാസമായി ജയിലിലും പോലീസ് സ്റ്റേഷനിലുമായി കഴിയുന്ന ശ്രീലങ്കന്‍ യുവാവ് നന്ദശിഖാമണി എന്ന ആന്ദേന്‍ ജയരാജന് (27) ജന്മനാട്ടിലേക്ക് തിരിച്ചുപോകാനുള്ള വഴിയൊരുങ്ങി. ഈ മാസം 27ന് ഇയാളെ ചെന്നൈ പോലീസിന് കൈമാറാനുള്ള ഉത്തരവ് തലശ്ശേരി പോലീസിന് ലഭിച്ചു. നന്ദശിഖാമണി ഇപ്പോള്‍ തലശ്ശേരി ടൗണ്‍ പോലീസ് സ്റ്റേഷനിലാണുള്ളത്.
ടൂറിസ്റ്റ് വിസയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് യുവാവ് ചെന്നൈയിലെത്തിയത്. ഏപ്രില്‍ 25ന് തിരിച്ചുപോകേണ്ടതായിരുന്നുവെങ്കിലും കാരണമില്ലാതെ ഇയാള്‍ കേരളത്തിലേക്ക് കടന്നു. ദുരൂഹ സാഹചര്യത്തില്‍ തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ അലഞ്ഞുതിരിയുന്നതിനിടയില്‍ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. വിസാ കാലാവധി കഴിഞ്ഞ് കേരളത്തില്‍ തങ്ങിയെന്ന കുറ്റത്തിന് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നന്ദശിഖാമണിയെ നാല് മാസം തടവിന് ശിക്ഷിച്ചു.
ഒക്‌ടോബര്‍ 10ന് ജയില്‍മോചിതനായെങ്കിലും സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ഇയാളെ തലശ്ശേരി പോലീസില്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര മാസമായി പോലീസ് സ്റ്റേഷനില്‍ കഴിയുകയാണ് നന്ദശിഖാമണി. 26ന് ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു.