കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്‌

Posted on: November 23, 2013 12:23 am | Last updated: November 22, 2013 at 11:23 pm

കോഴിക്കോട്: ഉത്തരമേഖലാ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. മലബാറിലെ അഞ്ച് ജില്ലകളിലെ എയ്ഡഡ് കോളജുകളിലെ ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസ് കുത്തഴിഞ്ഞ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായതായി വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ അനാസ്ഥ കാണിക്കുക, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുക തുടങ്ങിയവയാണ് പ്രധാനമായും നടക്കുന്നത്. സേവനാവകാശ നിയമം പോലും ഇവിടെ പ്രാവര്‍ത്തികമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ ഓഫീസിലിലെ ചുമതലക്കാര്‍ സേവനാവകാശ നിയമത്തെക്കുറിച്ച് അറിയില്ലെന്നാണ് വിജിലന്‍സിനോട് പറഞ്ഞത്.
സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ റെയ്ഡിന്റെ ഭാഗമായിരുന്നു കോഴിക്കോട്ടും റെയ്ഡ് നടന്നത്. രാവിലെ 11ന് ആരംഭിച്ച റെയ്ഡ് ഉച്ച ക്ക് രണ്ടര വരെ നീണ്ടു നിന്നു. വിജിലന്‍സ് കോഴിക്കോട് യൂനിറ്റിലെ ഡി വൈ എസ് പി. എം പി പ്രേമദാസിന്റെ നേതൃത്വത്തില്‍ സി ഐ മാരായ സജേഷ്, അബ്ദുല്‍ വഹാബ്, എസ് ഐ പ്രേമാനന്ദന്‍, എസ് സി പി ഒ മാരായ ദേവാനന്ദ്, പ്രകാശന്‍, രവീന്ദ്രന്‍, സി പി ഒ സുജിത് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇവിടെ ജീവനക്കാര്‍ പലരും കൃത്യസമയത്ത് ഓഫീസില്‍ ഹാജരാകുന്നില്ലെന്ന് വ്യക്തമായിരുന്നു. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരായ ശിക്ഷണ നടപടിയുമായി ബന്ധപ്പെട്ട ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ വൈകുന്നുണ്ട്. ഒരു സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോലും യഥാസമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായില്ല.
ഇതില്‍ സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു.