ദുബൈ ഫ്രെയിം ഡിസംബറില്‍ നിര്‍മാണം തുടങ്ങും

Posted on: November 22, 2013 7:26 pm | Last updated: November 22, 2013 at 7:26 pm

ദുബൈ: ദുബൈ ഫ്രെയിമിന്റെ നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും. കറാമ സബീല്‍ പാര്‍ക്കിലെ സ്റ്റാര്‍ ഗേറ്റില്‍ സ്ഥാപിക്കുന്ന ദുബൈ ഫ്രെയിം 2015 അവസാനത്തോടെ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസര്‍ ലൂത്ത വ്യക്തമാക്കി. ചില്ലുജാലകത്തിന്റെ മാതൃകയില്‍ സ്ഥാപിക്കുന്ന കൂറ്റന്‍ നിര്‍മിതിയാണ് ദുബൈ ഫ്രെയിം. നഗരത്തിന്റെ രണ്ട് മുഖങ്ങള്‍ ഒരേസമയം ദര്‍ശിക്കാവുന്ന വിധത്തിലാണ് ഫ്രെയിം സ്ഥാപിക്കുന്നത്.
പഴയകാല ദുബൈ, ആധുനികതയിലേക്ക് കുതിക്കുന്ന നഗരത്തിലെ പുത്തന്‍ കാഴ്ചകള്‍ എന്നിവ ഫ്രെയിമിലെ കൂറ്റന്‍ ഗ്ലാസിലൂടെ കാണാനാകും. ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ് തുടങ്ങിയവയും ശൈഖ് സായിദ് റോഡിലെ കൂറ്റന്‍ നിര്‍മിതികളും ഫ്രെയിമിന്റെ ഒരുവശത്തുനിന്ന് കാണാനാകും. കറാമ, ബര്‍ദുബൈ തുടങ്ങിയ പ്രദേശങ്ങളിലെ കാഴ്ചകള്‍ മറുവശത്തുകൂടെയും ദൃശ്യമാകും. 150 മീറ്റര്‍ ഉയരവും 93 മീറ്റര്‍ വീതിയുമുള്ള നിര്‍മിതിയുടെ മുകളിലേക്ക് കാഴ്ചക്കാരെ എത്തിക്കുന്നതിനായി പ്രത്യേക ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തും.
ഫ്രെയിമിന്റെ താഴെനിലയില്‍ പുനഃസൃഷ്ടിക്കപ്പെടുന്ന നഗരക്കാഴ്ചകളാണ് മറ്റൊരു സവിശേഷത. കാഴ്ചക്കാരുടെ സൗകര്യം പരിഗണിച്ച് ഗ്ലാസ് മേല്‍ക്കൂരയാണ് താഴത്തെ നിലക്ക് നല്‍കുന്നത്. ഇതിന് മുകളിലൂടെ സഞ്ചരിച്ച് നഗരത്തിന്റെ മാതൃക ആസ്വദിക്കാം. 1960കള്‍ മുതല്‍ കുതിപ്പുതുടങ്ങിയ ദുബൈയുടെ ചരിത്രം അനാവരണം ചെയ്യുന്ന കാഴ്ചകളായിരിക്കും ഇവിടെ ഒരുക്കുക. ഏറ്റവും മുകളില്‍ സന്ദര്‍ശകര്‍ക്കായി കഫെയും ഒരുക്കും.
ഏറെനാളത്തെ ഗവേഷണത്തിന് ശേഷമാണ് ഇത്തരമൊരു പദ്ധതിക്ക് രൂപംനല്‍കിയതെന്ന് ഹുസ്സൈന്‍ നാസര്‍ ലൂത്ത വ്യക്തമാക്കി. ദുബൈ ഫ്രെയിം എവിടെ സ്ഥാപിക്കുമെന്നത് സംബന്ധിച്ചും ഏറെ അന്വേഷണങ്ങള്‍ വേണ്ടിവന്നു. അന്താരാഷ്ട്രതലത്തില്‍ നടന്ന മത്സരത്തിലൂടെയാണ് നിര്‍മിതിയുടെ രൂപരേഖ തിരഞ്ഞെടുത്തത്. നിര്‍മാണത്തിന് മുന്നോടിയായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.