Connect with us

Malappuram

വിദ്യാഭ്യാസ സ്ഥാപന വാഹനങ്ങളുടെ അറ്റകുറ്റപ്പണി: രജിസ്റ്റര്‍ സൂക്ഷിക്കണം

Published

|

Last Updated

മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന “ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്” പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി ആര്‍ ടി ഒ അറിയിച്ചു. 19 ന് നടത്തിയ ആകസ്മിക പരിശോധനയില്‍ ഒരു വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. വരും ദിവസങ്ങളില്‍ പരിശോധന തുടരും.
ആര്‍ സി ബുക്കില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരാണെങ്കിലും മിക്ക വാഹനങ്ങളുടെയും ഉടമകള്‍ ഡ്രൈവര്‍മാരോ മറ്റ് വ്യക്തികളോ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വാഹനത്തിന്റെ അറ്റകുറ്റപണികള്‍ സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലാത്ത അവസ്ഥയാണ്. വിദ്യാര്‍ഥികളില്‍ നിന്നും കൃത്യമായി ഫീസ് ഈടാക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി വിനിയോഗിക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കുന്നതിനാലാണ് വാഹനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് ഇത്തരത്തില്‍ ക്രമക്കേട് നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ ഇത്തരത്തിലുള്ള നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്ന് ആര്‍ ടി ഒ അറിയിച്ചു. ഈ സാഹചര്യത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ സൂക്ഷിക്കണമെന്ന് ആര്‍ ടി ഒ അറിയിച്ചു. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തത് മൂലം അപകടമുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്വം സ്ഥാപന അധികൃതര്‍ക്കായിരിക്കും. വാഹനങ്ങളുടെ ഉടമ, രജിസ്‌ട്രേഷന്‍ എന്നിവ സംബന്ധിച്ച രേഖകളും കുറ്റമറ്റതാക്കണമെന്ന് ആര്‍ ടി ഒ. കെ അജിത് കുമാര്‍ അറിയിച്ചു.

Latest