കുറുക ഗവ. ഹൈസ്‌കൂള്‍ ഉദ്ഘാടനം നാളെ

Posted on: November 22, 2013 8:18 am | Last updated: November 22, 2013 at 8:18 am

വേങ്ങര: രാഷ്ട്രീയ മാധ്യമിക് ശിക്ഷക് അഭിവാന്‍ പദ്ധതിപ്രകാരം അപ്‌ഗ്രേഡ് ചെയ്ത വലിയോറ കുറുക ഗവ.ഹൈസ്‌കൂള്‍ നാളെ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1928 ലാണ് കുറുക യു പി സ്‌കൂള്‍ ആരംഭിച്ചത്. സര്‍ക്കാര്‍തലത്തില്‍ ജനറല്‍ ഹൈസ്‌കൂള്‍ നിലവിലില്ലാത്ത വേങ്ങര ഗ്രാമ പഞ്ചായത്തിന് കുറുക യു പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത് ഹൈസ്‌കൂളാക്കണമെന്ന് നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു. പ്രീ പ്രൈമറി തലം തൊട്ട് എട്ടാംതരം വരെയുള്ള ഈ സ്‌കൂളില്‍ 1167 കുട്ടികള്‍ പഠനം നടത്തുന്നുണ്ട്.
നാളെ രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ കുഞ്ഞു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ജല്‍സീമിയ, സക്കീന പുല്‍പ്പാടന്‍, ഡി ഇ ഒ ശൈലജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങില്‍ സുലൈഖ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ വാര്‍ഡ് അംഗം കെ അലവിക്കുട്ടി, എ ടി ഹംസക്കുട്ടി, കെ അനില്‍കുമാര്‍, ഇ കെ സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.