മണ്ണ് കാടുപിടിച്ച് തരിശായിക്കിടക്കുന്നത് പഴങ്കഥ: കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ മുഖത്തിന് മിനുക്കം

Posted on: November 22, 2013 8:16 am | Last updated: November 22, 2013 at 8:16 am

കല്‍പറ്റ:കേരള കാര്‍ഷിക സര്‍വകലാശാലക്കു കീഴില്‍ അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ മുഖത്തിനു മിനുക്കം. കേന്ദ്രത്തിനു കൈവശമുള്ള 87 ഹെക്ടറിലും വെട്ടിത്തിളങ്ങുകയാണ് കാര്‍ഷിക ചൈതന്യം. മണ്ണ് കാടുപിടിച്ച് തരിശുകിടക്കുന്നത് ഇപ്പോള്‍ പഴങ്കഥ. ഒരു സെന്റ് ഭൂമി പോലും വെറുതെയിടരുതെന്ന വാശിയിലാണ് കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി രാജേന്ദ്രനും സംഘവും. കാര്‍ഷികവിജ്ഞാനം ജനങ്ങളിലെത്തിക്കുന്നതിലും അവര്‍ കാട്ടുന്നത് കറയറ്റ ശുഷ്‌കാന്തി.
1945ല്‍ അന്നത്തെ മദ്രാസ് സര്‍ക്കാര്‍ ആരംഭിച്ച തോട്ടമാണ് 1972ലെ കാര്‍ഷിക സര്‍വകലാശാലാ രൂപീകരണത്തിനു പിന്നാലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമായി മാറിയത്. ധൂര്‍ത്തിന്റെയും കെടുകാര്യസ്ഥതയുടെയും പേരിലാണ് അടുത്തകാലംവരെ കേന്ദ്രം അറിയപ്പെട്ടിരുന്നത്. കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന ഗവേഷണഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ ഗവേഷണ കേന്ദ്രത്തിനു കഴിഞ്ഞിരുന്നില്ല. വയനാട്ടില്‍ കുരുമുളകുകൃഷിയെ വിഴുങ്ങിയ ദ്രുതവാട്ടവും മന്ദവാട്ടവും ഉള്‍പ്പെടെ രോഗങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുകയായിരുന്നു ഗവേഷകര്‍. എന്നാലിന്ന് വ്യത്യസ്തമാണ് ചിത്രം. കുരുമുളകിന്റേതടക്കം രോഗ,കീട പ്രതിരോധശേഷിയുള്ള തൈകള്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ചുകഴിഞ്ഞു. ഇവ കൃഷിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങളും പുരോഗതിയിലാണ്. കൃഷി ആധുനികവത്കരിച്ച് ലാഭകരമാക്കുന്നതിനുള്ള വിദ്യകള്‍ കര്‍ഷകരിലേക്ക് പകരുന്നതില്‍ ഗവേഷണകേന്ദ്രത്തിന് സര്‍ക്കാരും വിവിധ ഏജന്‍സികളും അകമഴിഞ്ഞ പിന്തുണ നല്‍കുന്നുമുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്(ഐ സി എ ആര്‍), നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍(എന്‍ എച്ച് എം), സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍(എസ് എച്ച് എം), ഇന്ത്യ മെറ്റിയോറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്(ഐ എം.ഡി) എന്നിവയാണ് കേന്ദ്രത്തിനു ഗവേഷണത്തിമും വികസന പദ്ധതികളുടെ നിര്‍വഹണത്തിനു ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്ന സ്ഥാപനങ്ങളില്‍ മുഖ്യം.കാപ്പി, കുരുമുളക്, നെല്ല്, തെങ്ങ്, കമുക്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, തീറ്റപ്പുല്ലുകള്‍, പൂച്ചെടികള്‍ തുടങ്ങിയവയുടെ വിജയകരമായ കൃഷിയില്‍ കര്‍ഷകര്‍ക്ക് നേരിട്ടും അല്ലാതെയും മാര്‍ഗനിര്‍ദേശം നല്‍കുന്ന ഗവേഷണകേന്ദ്രം മേത്തരം നടീല്‍വസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നുണ്ട്. ഹൈടെക് ഫാമിങ് ഗ്രാമീണ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ മുന്നിലുള്ള ഗവേഷണ കേന്ദ്രത്തില്‍ കാര്‍ഷിക കര്‍മസേനയും രൂപീകരിച്ചിട്ടുണ്ട്. 47 സ്തീകളും ആറ് പുരുഷന്മാരും ഉള്‍പ്പെടുന്നതാണ് കാര്‍ഷിക കര്‍മ സേന. ഹൈടെക് ഫാമിങ്, പോളിഹൗസ് നിര്‍മ്മാണണം, ആധുനിക കാര്‍ഷിക ഉപകരണങ്ങളുടെ ഉപയോഗം, ജലസേചനവിദ്യകള്‍ തുടങ്ങി കൃഷിയുടെ വിവിധ തലങ്ങളിലാണ് ഇവര്‍ക്ക് പരിശീലനം. ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായി ആസുത്രണം ചെയ്തതാണ് കാര്‍ഷിക കര്‍മ്മസേനയെന്ന് കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കുന്ന സേനാംഗങ്ങളെ പ്രതിഫലം നല്‍കി കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താനാകും. കാര്‍ഷിക സര്‍വകലാശാലയുടെ മഞ്ചേരി ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാര്‍ഷിക കര്‍മ്മസേനയെ കൃഷിക്കാര്‍ വിപുലമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഏകദേശം 200 മണിക്കൂര്‍ നീളുന്നതാണ് കാര്‍ഷിക കര്‍മ്മസേനാംഗങ്ങളുടെ പരിശീലനം.
റോസ് ഗാര്‍ഡന്‍ വിപുലീകരണം, ഡാലിയ ഗാര്‍ഡന്‍ നിര്‍മ്മാണം, വാണിജ്യാടിസ്ഥാനത്തില്‍ അലങ്കാരപ്പൂകൃഷി, കാര്‍ഷിക കോളേജ്, ജില്ലയിലെ തനതു പഴവര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി മൂല്യവര്‍ധിത ഉത്പന്നനിര്‍മ്മാണം, മഴവെള്ളക്കൊയ്ത്ത് എന്നിവ ഗവേഷണകേന്ദ്രത്തിന്റെ പുതിയ പദ്ധതികളാണെന്ന് ഫാം ഓഫീസര്‍ കെ വി വത്സനും ഫാം മാനേജര്‍ സി ടി ജേക്കബ്ബും പറഞ്ഞു. ജനുവരിയില്‍ പുഷ്‌പോത്സവവും നടത്തും.
നിലവില്‍ 600 ഇനം റോസ് ചെടികളാണ് ഗവേഷണകേന്ദ്രത്തില്‍. 750 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഗാര്‍ഡന്‍ വിപുലീകരിക്കാനാണ് പദ്ധതി. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ റോസ് ഗാര്‍ഡന്റെ വിസ്തൃതി നാല് ഏക്കറാകും. മൂന്നര ഏക്കര്‍ വിസ്തൃതിയില്‍ ആസൂത്രണം ചെയ്തിരിക്കുന്ന ഡാലിയ ഗാര്‍ഡനിലേക്ക് ആവശ്യമായ ചെടികള്‍ അടുത്ത മാസത്തോടെ എത്തും. ഇന്ത്യയിലെ ആദ്യത്തെ ഡാലിയ ഗാര്‍ഡനായിരിക്കും ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ഇറക്കുമതി ചെയ്യുന്നതാകും ചെടികളില്‍ ഏറെയും. പഴവര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള മൂല്യവര്‍ധിത വസ്തുക്കളുടെ നിര്‍മാണത്തിനു ഏഴു കോടി രൂപയുടെ പദ്ധതി ഐ സി എ ആറിനു സമര്‍പ്പിച്ചിട്ടുണ്ട്. പഴവര്‍ഗങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുന്നതില്‍ നെ•േനി, നൂല്‍പ്പുഴ പഞ്ചായത്തുകളിലെ വനിതാ സ്വയംസഹായ സംഘങ്ങളില്‍നിന്നുള്ള 30 പേര്‍ക്ക് ഗവേഷണകേന്ദ്രത്തില്‍ ഇതിനകം പരിശീലനം നല്‍കി. 500 പേര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം.
ഗ്ലാഡിയോലസ്, ജെര്‍ബറ എന്നിവയടക്കം 200 ഓളം തരം അലങ്കാരപ്പുച്ചെടികളാണ് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുക. മഴവെള്ളക്കൊയ്ത്തിന് ഗവേഷണകേന്ദ്രത്തിലെ വിവിധ ബ്ലോക്കുകളിലായി 55 മീറ്റര്‍ നീളവും അത്രതന്നെ വീതിയും ഏഴ് മീറ്റര്‍ ആഴവുമുള്ള നാല് കുഴികള്‍ നിര്‍മിച്ചുവരികയാണ്. ഒരു കോടി ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ളതാണ് ഓരോ കുഴിയും. മഴക്കാലത്ത് കുഴികളില്‍ സംഭരിക്കുന്ന ജലം വേനല്‍ക്കാലത്ത് ഗവേഷണകേന്ദ്രത്തിലെ കൃഷിയിടങ്ങളില്‍ ഉപയോഗപ്പെടുത്തും.
കാര്‍ഷിക കോളജിന്റെ പ്രവര്‍ത്തനം അടുത്ത അധ്യയനവര്‍ഷം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷണകേന്ദ്രം അധികൃതര്‍. ഐ സി എ ആര്‍ അംഗീകാരത്തിനുള്ള കടലാസുപണികള്‍ പുരോഗതിയിലാണ്. ഗവേഷണ കേന്ദ്രത്തിലെ സോയില്‍ അനലറ്റിക്കല്‍ ലാബിലെ സൗകര്യങ്ങളാണ് കോളേജിനുവേണ്ടി തത്കാലം ഉപയോഗപ്പെടുത്തുക. സീറ്റുകളില്‍ 30 ശതമാനം വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യും. നിലവില്‍ കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ തിരുവനന്തപുരം, പടന്നക്കാട്, വെള്ളായണിക്കര എന്നിവിടങ്ങളിലാണ് കോളജുകള്‍.