Connect with us

Malappuram

ഉപജില്ലാ സ്‌കൂള്‍ കലോത്സവം

Published

|

Last Updated

മലപ്പുറം: മലപ്പുറം ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഈമാസം 23 മുതല്‍ 27 വരെ ചാപ്പനങ്ങാടി പി എം എസ് എ വി എച്ച് എസ് സ്‌കൂളില്‍ നടക്കും. 23ന് രാവിലെ ഒമ്പത് മണി മുതല്‍ രചനാമത്സരങ്ങള്‍ നടക്കും. വൈകിട്ട് മൂന്നുമണിക്ക് പറങ്കിമൂച്ചിക്കല്‍ ജി എല്‍ പി എസില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും. സമീപ പ്രദേശങ്ങളിലെ സ്‌കൂളുകള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവ ഘോഷയാത്രയില്‍ പങ്കെടുക്കും.
കലോത്സവം വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം കൂടിയാട്ടത്തോടെ കലാമത്സരങ്ങള്‍ ആരംഭിക്കും. എട്ട് വേദികളിലായി 279 ഇനങ്ങളില്‍ 3200 വിദ്യാര്‍ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പൊന്‍മള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഫീസ, പി ടി എ പ്രസിഡന്റ് സലീം കടക്കാടന്‍, സി ജെ മാത്യു, ഷാബു ഇസ്മാഈല്‍, കെ അബ്ദുല്‍ റശീദ് പങ്കെടുത്തു.
പെരിന്തല്‍മണ്ണ: ഉപജില്ലാ കലോത്സവം 25, 26 തീയതികളിലായി തൂത ദാറുല്‍ഉലൂം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 20 വേദികളിലായി 3005 വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ മാറ്റുരക്കും. ഉപജില്ലയിലെ 37 എല്‍ പി, 21 യു പി, 11 ഹയര്‍സെക്കന്‍ഡറി, വി എച്ച് എസ് ഇ എന്നിവയില്‍ നിന്നായി 1893 പെണ്‍കുട്ടികളും 1112 ആണ്‍കുട്ടികളുമാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ജനറല്‍ അറബിക്, സംസ്‌കൃതം, ഉറുദു വിഭാഗങ്ങളില്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ 321 ഇനങ്ങളിലാണ് മത്സരം. 23ന് മൂന്നിന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും ഘോഷയാത്രയിലുണ്ട്. 25ന് തിങ്കളാഴ്ച രാവിലെ ഒന്‍പതിന് മന്ത്രി എം അലി കലോത്സവം ഉദ്ഘാടനം ചെയ്യും. നാലകത്ത് സൂപ്പി അധ്യക്ഷത വഹിക്കും. പി കെ അബൂബക്കര്‍ഹാജി, വി ശശികുമാര്‍, കെ അലിഅക്ബര്‍, നിഷി അനില്‍രാജ് സംബന്ധിക്കും. 27ന് സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അലിഅക്ബര്‍ ഉദ്ഘാടനം ചെയ്യും. എ ഇ ഒ വി എം ഇന്ദിര സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ വി എം ഇന്ദിര, ഹെഡ്മാസ്റ്റര്‍ വി എം മുഹമ്മദ്, ചന്ദ്രശേഖരന്‍, കെ കെ റഹ്മത്തുല്ല, ബഷീര്‍ ചെര്‍പ്പുളശ്ശേരി, എ വേണുഗോപാല്‍ പങ്കെടുത്തു.

Latest