കസ്റ്റഡിയിലുള്ള പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍

Posted on: November 22, 2013 8:04 am | Last updated: November 22, 2013 at 8:04 am

പാലക്കാട്: ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കൊലക്കേസ് പ്രതിയെ സബ്ജയിലില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പിടികൂടാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ജി സോമശേഖര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണാടി കടലാക്കുറിശ്ശി പുത്തന്‍പുര കൃഷ്ണപ്രസാദ് എന്ന സ്പിരിറ്റ് പ്രസാദ്(36), കൊല്ലങ്കോട് ഊട്ടറ മലയമ്പള്ളം കറുത്തേടത്ത് മധു(35), ഊട്ടറ മലയമ്പള്ളം പുലാഴി കുളമ്പ് രാജേന്ദ്രന്‍ എന്ന കുഞ്ചു(26), കണ്ണാടി കാവുവട്ടം പുത്തന്‍ പുര അജീഷ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18 ന് രാവിലെ പാലക്കാട് കോട്ടയിലെ സബ്ജയിലില്‍ നിന്നും പോലീസ് കാവലില്‍ കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്ന കുഴല്‍മന്ദം പുല്ലൂപാറ കാട്ടിരംകാട് പ്രകാശനെ(36)യാണ് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ജൂണില്‍ കാട്ടിരംകാട് ശിവദാസനെ(32) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് പ്രകാശന്‍. ശിവദാസന്റെ മരണത്തിന് ബന്ധുക്കള്‍ നടത്തിയ പകപോക്കലാണ് പ്രകാശന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് എസ് പി പറഞ്ഞു. പ്രകാശന്‍ പുറത്തിറങ്ങിയാല്‍ വീണ്ടും ആക്രമിക്കുമോ എന്ന ഭയമാണ് പ്രകാശനെ ഇല്ലാതാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടത്.
ഇതിനായി കണ്ണാടിയിലുള്ള അജീഷ് മുഖേന കൃഷ്ണപ്രസാദിനെ സമീപിച്ച് ക്വട്ടേഷന്‍ ഉറപ്പിക്കുകയായിരുന്നു. കൃഷ്ണപ്രസാദ് ഇതിനായി മധു, കുഞ്ചു എന്നിവരെയും മധു വടിവാള്‍ സന്തോഷ്, പ്രജീഷ്, മനോജ് എന്നിവരെയും കൃത്യനിര്‍വഹണത്തിന് ഏര്‍പ്പാടാക്കി. കൃത്യം നടന്ന ദിവസത്തിന് തലേന്ന് നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് നാലംഗസംഘം ഒത്തുചേര്‍ന്ന് കൃഷ്ണപ്രസാദിന്റെ നേതൃത്വത്തില്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു..
ഇതുപ്രകാരം ഹര്‍ത്താല്‍ ദിവസം രാവിലെ പ്രജീഷ്, മനോജ്, മധു, കുഞ്ചു എന്നിവര്‍ കോട്ടയിലെത്തി. പ്രകാശന് മുന്‍പരിചയം ഇല്ലാത്തവരായിരുന്നു പ്രതികള്‍. പോലീസ് കാവലില്‍ ജയിലില്‍ നിന്നും പ്രകാശനെ നടത്തികൊണ്ടുവരുമ്പോള്‍ മധുവും കുഞ്ചുവും മാറി നിന്ന് കോട്ടയ്ക്ക് മുന്നിലെ കിടങ്ങിന്റെ പാലത്തില്‍ നില്‍ക്കുകയായിരുന്ന പ്രജീഷിനും മനോജിനും ഷര്‍ട്ടിന്റെ നിറം പറഞ്ഞ് അടയാളം നല്‍കി. തങ്ങള്‍ക്ക് മുന്നിലൂടെ പോലീസിനൊപ്പം നടന്നുനീങ്ങിയ പ്രകാശനെ പിന്തുടര്‍ന്ന് വാടികക്ക് സമീപത്തെ ചെക്ക്്‌പോസ്റ്റ് എത്തുന്നതിന് 10 മീറ്റര്‍ മുമ്പ് പ്രകാശന്റെ വലതുവശത്തുണ്ടായിരുന്ന പോലീസുകാരനെ തള്ളിവീഴ്ത്തി അരയില്‍ കരുതിയിരുന്ന ചേറ്റുകത്തികൊണ്ട് പ്രകാശന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. പ്രജീഷാണ് കൃത്യം നിര്‍വഹിച്ചത്.
തുടര്‍ന്ന് പ്രതികള്‍ രണ്ട് പേരും കോട്ടയ്ക്ക് കിഴക്ക് ഭാഗത്തുള്ള ഗേറ്റിനടിയിലൂടെ റോഡിലേക്കിറങ്ങി അവിടെ നിര്‍ത്തിയിരുന്ന ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പുറകെ ഓടിയ പോലീസുകാരനുനേരെ കത്തി വീശിയതിനാല്‍ പിടികൂടാനായില്ല. പാലക്കാട് ഡി വൈ എസ് പി. പി കെ മധുവിന്റെ നേതൃത്വത്തില്‍ സി ഐമാരായ കെ എം ബിജു, ബി സന്തോഷ്, എസ് ഐ. എം സുജിത്ത്, ജി എസ് ഐ. പി കെ വിജയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.