യു എസ്- അഫ്ഗാന്‍ സുരക്ഷാ കരാറിന് വിലപേശല്‍

Posted on: November 21, 2013 11:49 pm | Last updated: November 21, 2013 at 11:49 pm

കാബൂള്‍: അമേരിക്കയുമായി സുരക്ഷാ കരാറില്‍ ഒപ്പു വെച്ചാല്‍ 2014ന് ശേഷവും 15,000 വിദേശ സൈനികര്‍ രാജ്യത്ത് തുടരുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി പറഞ്ഞു. 2,000 ത്തോളം വരുന്ന അഫ്ഗാന്‍ ഗോത്ര, പൗര പ്രമുഖരുടെ യോഗ( ലോയാ ജിര്‍ഗ)ത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യു എസ്- അഫ്ഗാന്‍ സുരക്ഷാ കരാര്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് ജിര്‍ഗ വിളിച്ച് ചേര്‍ത്തിരിക്കുന്നത്.ഭാവിയില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം അഫ്ഗാനില്‍ തുടരുന്നത് സംബന്ധിച്ചാണ് ഉഭയകക്ഷി സുരക്ഷാ കരാര്‍ (ബി എസ് എ) കൊണ്ടുവരുന്നത്.
അമേരിക്കന്‍ സേന രാജ്യത്ത് നിന്ന് പിന്‍വാങ്ങുന്നതോടെ നിലനില്‍ക്കുന്ന സുരക്ഷാ ശൂന്യത പരിഹരിക്കാനാണ് കരാറെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ പിന്‍മാറ്റത്തിന് ശേഷവും വിദേശ സാന്നിധ്യം തുടരാനുള്ള തന്ത്രമാണ് കരാറെന്ന വിമര്‍ശവും ഉയരുന്നുണ്ട്.
2014ന് ശേഷവും രാജ്യത്ത് തുടരുന്ന യു എസ് സൈനികര്‍ക്ക് ഏതൊക്കെ സാഹചര്യത്തില്‍ വീടുകളില്‍ കയറി തിരച്ചില്‍ നടത്താമെന്ന കാര്യത്തിലും ഇവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ എവിടെയുള്ള കോടതിയിലാണ് വിചാരണ ചെയ്യുകയെന്നതുമാണ് പ്രധാന തര്‍ക്ക വിഷയം. ഇവരുടെ വിചാരണ അഫ്ഗാന്‍ കോടതിയില്‍ ആയിരിക്കണമെന്നാണ് പൗര പ്രമുഖര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച കരട് രേഖ ഇതിന് കടകവിരുദ്ധമാണ്. ഈ കരട് രേഖയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി തന്നെ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കരാറിന്റെ പ്രധാന രേഖ അംഗീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ കെറി ഇപ്പോള്‍ പുറത്ത് വന്നത് അത് തന്നെയാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നാല് ദിവസം നീണ്ടു നില്‍ക്കുന്ന ജിര്‍ഗക്ക് ശേഷമാകും കരാറില്‍ ഒപ്പു വെക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകുക.
2014ഓടെ ബഹുരാഷ്ട്ര നാറ്റോ സൈന്യം ഔപചാരികമായി അഫ്ഗാന്‍ വിടുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ പുതിയ കരാര്‍ നിലവില്‍ വന്നാല്‍ സൈനിക സാന്നിധ്യം 2024 വരെ നീണ്ടേക്കാം. കരാര്‍ അഫ്ഗാന്‍ പാര്‍ലിമെന്റില്‍ പാസാക്കേണ്ടതുണ്ടെന്ന് കര്‍സായി പറഞ്ഞു.
2014 ന് ശേഷം 75,000 നാറ്റോ സൈനികര്‍ രാജ്യത്ത് നിന്ന് പുറത്താക്കപ്പെടും. നാറ്റോ സേന പിന്മാറിയതിനെ തുടര്‍ന്ന് 2010 മുതല്‍ അഫ്ഗാനില്‍ താലിബാന്‍ ആക്രമണങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ടെന്ന് യു എന്‍ പറയുന്നു. അഫ്ഗാന്റെ സ്ഥിരത കൂടി ഉറപ്പ് വരുത്തുന്നതാകണം കരാറെന്നും കര്‍സായി പറയുന്നു.