പീഡനം: തരുണ്‍ തേജ്പാലിനെ സ്ഥാനത്ത് നിന്ന് നീക്കി

Posted on: November 21, 2013 7:53 pm | Last updated: November 21, 2013 at 11:32 pm

THARUN TEJPAL

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ ലൈംഗികമായി അപമാനിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് തെഹല്‍ക്ക മാഗസിന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ സ്ഥാനത്ത് നിന്ന് നീക്കി. ആറ് മാസത്തേക്ക് പത്രാധിപ സ്ഥാനത്ത് നിന്ന് തേജ്പാലിനെ മാറ്റി നിര്‍ത്താനാണ് തീരുമാനിച്ചത്. കുറ്റസമ്മതം നടത്തിയ തരുണ്‍ തേജ്പാല്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ സ്വയം സന്നദ്ധനാകുകയായിരുന്നു. അദ്ദേഹത്തിന് പകരം മാനേജിംഗ് എഡിറ്റര്‍ ഷോമാ ചൗധരി പത്രാധിപ സ്ഥാനം വഹിക്കും. സംഭവത്തില്‍ വിവിധ പത്രപ്രവര്‍ത്തക യൂനിയനുകള്‍ അപലപിച്ചു. പ്രസാര്‍ ഭാരതി അംഗത്വവും തേജ്പാലിന് നഷ്ടപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പ്രസാര്‍ ഭാരതി ബോര്‍ഡില്‍ തേജ്പാലിന് അംഗത്വം നല്‍കിയത്.
‘കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ പരീക്ഷണ ദിനങ്ങളായിരുന്നു. അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏല്‍ക്കുകയാണ്. നാം വിശ്വസിക്കുകയും പോരാടുകയും ചെയ്യുന്ന എല്ലാ മൂല്യങ്ങളെയും തകിടം മറിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്. അപമര്യാദയായി പെരുമാറിയതിന് താന്‍ ആ പത്രപ്രവര്‍ത്തകയോട് നിരുപാധികം ക്ഷമ ചോദിച്ചിട്ടുണ്ട്. എങ്കിലും സ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു’- ഷോമാ ചൗധരിക്ക് അയച്ച കത്തില്‍ തേജ്പാല്‍ പറയുന്നു. തെഹല്‍ക്കയുടെ സ്ഥാപകരിലൊരാളാണ് തരുണ്‍ തേജ്പാല്‍. സഹപ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞ് സ്വമേധയാ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തയ്യാറായതിനാല്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് തെഹല്‍ക്ക മാനേജ്‌മെന്റ്. കഴിഞ്ഞ ആഴ്ചയാണ് തരുണ്‍ തേജ്പാല്‍ തന്നെ അപമാനിച്ചതായി കാണിച്ച് മാനേജ്‌മെന്റിന് പത്രപ്രവര്‍ത്തക പരാതി നല്‍കിയത്. ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച ഒരു പരിപാടി നടന്ന ഹോട്ടലില്‍ വെച്ച് തരുണ്‍ തേജ്പാല്‍ തന്നെ ലിഫ്റ്റിലേക്ക് വലിച്ചിഴച്ചുവെന്നാണ് പത്രപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്.
അതിനിടെ, ഇത് തെഹല്‍ക്കയുടെ ആഭ്യന്തര പ്രശ്‌നമല്ലെന്ന നിലപാടുമായി ബി ജെ പി അടക്കമുള്ള കക്ഷികള്‍ രംഗത്തെത്തി. ചില വനിതാ സംഘടനകളും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, തരുണ്‍ തേജ്പാലിനെ ഗോവാ പോലീസ് ചോദ്യം ചെയ്‌തേക്കും. സംഭവത്തില്‍ പോലീസിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും സ്വമേധയാ കേസെടുത്ത് അന്വേഷിക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണം നടത്താന്‍ ഗോവന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉന്നത പോലീസ്, സിവില്‍ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പോലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ കൂടുതലെന്തെങ്കിലും പറയാനാകൂ എന്നും പരീക്കര്‍ പറഞ്ഞു.
സംഭവം നടന്നതെന്ന് പറയുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിട്ടുണ്ട്. സ്വമേധയാ കേസെടുക്കേണ്ട തെളിവുകള്‍ ദൃശ്യങ്ങളിലുണ്ടെന്നാണ് പോലീസ് പറയുന്നത്. പത്രപ്രവര്‍ത്തകയില്‍ നിന്ന് മൊഴിയെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. അതിനിടെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്ഥാപനം സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ ഷോമാ ചൗധരി പറഞ്ഞു.