Connect with us

Kerala

നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു

Published

|

Last Updated

മലപ്പുറം: സഊദി അറേബ്യയിലെ സ്വദേശിവത്കരണത്തില്‍ ജോലി നഷ്ടപ്പെട്ട് നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു.
നോര്‍ക്ക റൂട്ട്‌സിന്റെ ഓഫീസില്‍ നേരിട്ടും എയര്‍പോര്‍ട്ടിലെ ഹെല്‍പ് ഡെസ്‌ക് മുഖേനയും ഓണ്‍ലൈന്‍ വഴിയുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച വരെ 15,760 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം 30 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി. തുടര്‍ന്ന് പുനരധിവാസ പദ്ധതികള്‍ അറിയിക്കുമെന്ന് നോര്‍ക്കറൂട്ട്‌സ് നോഡല്‍ ഓഫീസര്‍ പി സുദീപ് സിറാജിനോട് പറഞ്ഞു.
ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി നേരത്തെ പേര് രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്കുള്ള നോര്‍ക്കാ വകുപ്പിന്റെ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ്(എന്‍ ഡി പി ആര്‍ ഇ) പദ്ധതി വഴി ടാക്‌സി വാഹനം വാങ്ങാന്‍ ലോണിന് അപേക്ഷിച്ചവര്‍ക്കുള്ള വെരിഫിക്കേഷന്‍ തിരുവനന്തപുരത്ത് കഴിഞ്ഞു. രണ്ടാം ഘട്ടം കോഴിക്കോട്ടും ശേഷം കൊച്ചിയിലും വെരിഫിക്കേഷന്‍ നടക്കും.
കഴിഞ്ഞ ജൂലൈ വരെ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ലോണ്‍ അനുവദിക്കുക. ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ പരമാവധി 20 ലക്ഷം രൂപയാണ് വായ്പ നല്‍കുക. പരമാവധി രണ്ട് ലക്ഷം രൂപയോ മൊത്തം പദ്ധതിച്ചെലവിന്റെ 10 ശതമാനമോ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. അപേക്ഷകര്‍ നേരിട്ടെത്തി ഇവരുടെ വിവരങ്ങള്‍ നല്‍കിയ ശേഷമാണ് ധനസഹായം നല്‍കുന്നതിന് പരിഗണിക്കുക.
ടാക്‌സി വാഹനം വാങ്ങുന്നതിന് പുറമെ കാര്‍ഷിക വ്യവസായങ്ങള്‍, കച്ചവടം, സേവനങ്ങള്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഈ പദ്ധതി വഴി ലോണിന് അപേക്ഷിക്കാവുന്നതാണ്.

Latest