Connect with us

National

യുവതിയുടെ സ്വകാര്യതയില്‍ ഇടപെടല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മോഡിയെ ഒഴിവാക്കണം: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: യുവതിയുടെ സ്വകാര്യതയില്‍ അനാവശ്യമായി ഇടപെടല്‍ നടത്തി എന്ന ആരോപണവിധേയനായ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന് ബി ജെ പിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊരു സംസ്ഥാന വിഷയം മാത്രമാണെനന്നും ഇത്തരം ആരോപണത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറണമെന്ന് ബി ജെ പിയും ഇതിനോട് പ്രതികരിച്ചു.
ഇവിടെ വ്യക്തികളുടെ സ്വകാര്യതയില്‍ ഇടപെടുന്നതിനെതിരെ നിയമമുണ്ട്. ഇതു സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, സ്ഥാപനങ്ങളെ ധിക്കരിക്കുന്ന നിലപാടുമായാണ് ബി ജെ പിയും മോഡിയും മുന്നോട്ടുപോകുന്നതെന്ന് നിയമ, നീതിന്യായ മന്ത്രി കപില്‍ സിബല്‍ ആരോപിച്ചു. യുവതിയുടെ പിതാവ് രഹസ്യം ചോര്‍ത്തല്‍ സംബന്ധിച്ച് പരസ്യമായി പരാതിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മോഡിക്കെതിരെ നടപടി ആവശ്യമാണെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തുടരുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഇതു സംബന്ധിച്ച് ഇതുവരെ യുവതിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിനും നേതാക്കള്‍ക്കും മാത്രമാണ് പരാതിയെന്നും ബി ജെ പി നേതാക്കളായ അരുണ്‍ ജെയ്റ്റിലിയും രവിശങ്കര്‍പ്രസാദും പറഞ്ഞു.
കോണ്‍ഗ്രസ് നിരുത്തരവാദപരമായാണ് പ്രതികരിക്കുന്നത്. ഇത് കേവലം സംസ്ഥാന വിഷയമാണ്. എന്തിനാണ് കോണ്‍ഗ്രസ് ഇതില്‍ കേന്ദ്രത്തിന്റെ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍, മോഡിക്കൊപ്പം ആരോപണവിധേയനായ മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ വിസമ്മതിച്ചു.

Latest