Connect with us

International

മംഗള്‍യാന് മുമ്പെ ചൊവ്വയിലെത്താന്‍ മാവെന്‍ യാത്രതിരിച്ചു

Published

|

Last Updated

ഫ്‌ളോറിഡ: ഇന്ത്യയുടെ മംഗള്‍യാനിന് പിന്നാലെ അമേരിക്കയുടെ പര്യവേക്ഷണപേടകവും ചൊവ്വയിലേക്ക് പുറപ്പെട്ടു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ്, യു എസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകം മാവെന്‍ വിക്ഷേപിച്ചത്.
ഫ്‌ളോറിഡയിലെ കാനവെറല്‍ വ്യോമത്താവളത്തിലെ വിക്ഷേപണത്തറയില്‍നിന്ന് അറ്റ്‌ലസ് അഞ്ച് റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. അടുത്ത വര്‍ഷം സെപ്തംബര്‍ 22ന് പേടകം ചൊവ്വയുടെ ആകാശത്തിലെത്തും.
നവംബര്‍ അഞ്ചിന് വിക്ഷേപിച്ച ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വാ ഉപരിതലത്തിലെത്തുന്നതിന് രണ്ട് ദിവസം മുമ്പ് മാവെന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ചൊവ്വയിലെ ജലസാന്നിധ്യത്തെക്കുറിച്ചാണ് മാവെന്‍ പഠനം നടത്തുക. അഞ്ചുവര്‍ഷത്തിനിടെ ഭൂമിയും ചൊവ്വയും ഏറ്റവും അടുത്തുവരുന്ന സമയമാണ് ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 19 വരെയുള്ള കാലം. ഇതാണ് ഇരുരാജ്യങ്ങളും ഈ മാസം വിക്ഷേപണത്തിന് തിരഞ്ഞെടുക്കാന്‍ കാരണം.
വിക്ഷേപണത്തിന് ശേഷം 53 മിനിട്ടിനകം മാവെനെ റോക്കറ്റ് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു. തുടര്‍ന്നുള്ള സഞ്ചാരത്തില്‍ മാവെന്‍ തനിച്ചാണുണ്ടാകുക. സോളാര്‍ പാനലുകള്‍ ഉയര്‍ത്തിയ മാവെന്‍ സുരക്ഷിതമായി ഭൂമിയെ വലം വെക്കുകയാണെന്ന് നാസ അറിയിച്ചു. പേടകത്തില്‍ നിന്ന് സിഗ്‌നലുകള്‍ കിട്ടുന്നുണ്ടെന്നും എല്ലാം കൃത്യമാണെന്നും ചുവന്ന ഗ്രഹത്തിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മാവെന്‍ പ്രോജക്ട് മാനേജര്‍ ഡേവിഡ് മിത്‌ചെല്‍ പറഞ്ഞു.
നിലവില്‍ ചൊവ്വയിലെ അന്തരീക്ഷവും കാലാവസ്ഥയും അനുകൂലമാണെന്ന് നാസാ വൃത്തങ്ങള്‍ പറയുന്നു.

Latest