Connect with us

Business

സമ്പൂര്‍ണ വനിതാ ബേങ്ക് പ്രവര്‍ത്തനമാരംഭിച്ചു

Published

|

Last Updated

മുംബൈ: രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വനിതാ ബേങ്ക് തുറന്നു. മുംബൈ നരിമാന്‍ പോയിന്റിലെ എയര്‍ ഇന്ത്യാ ബില്‍ഡിംഗില്‍ ഭാരതീയ മഹിളാ ബേങ്കിന്റെ ആദ്യ ശാഖ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആണ് ഉദ്ഘാടനം ചെയ്തത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തില്‍ അവര്‍ക്കു നല്‍കുന്ന ഏറ്റവും അനുയോജ്യമായ ആദരാഞ്ജലിയാണ് ഈ ബേങ്കെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച യു പി എ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കഴിഞ്ഞ ബജറ്റില്‍ താന്‍ പ്രഖ്യാപിച്ച പദ്ധതിയാണ് യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് ചടങ്ങില്‍ സംബന്ധിച്ച പി ചിദംബരം പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ ശരത്പവാര്‍, ഫാറൂഖ് അബ്ദുല്ല, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, മുഖ്യമന്ത്രി പൃഥ്വീരാജ് ചവാന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ആദ്യഘട്ടത്തില്‍ രാജ്യത്താകെ ഏഴ് ബ്രാഞ്ചുകളാണ് ബേങ്കിന് ഉണ്ടാകുക.
അവശേഷിച്ച ആറ് ബ്രാഞ്ചുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മഹിളാ ബേങ്ക് ഉദ്ഘാടനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങിയിരുന്നു.
ധനമന്ത്രാലയത്തിനയച്ച കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കുന്നതായി അറിയിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബേങ്കിന്റെ ശാഖകള്‍ തുടങ്ങുകയോ പ്രചാരണം നടത്തുകയോ ചെയ്യരുതെന്ന് കമ്മീഷന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയായിരിക്കും ബേങ്കിന്റെ ആസ്ഥാനം. ഇവിടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ ശേഷം ഇതിന്റെ ഉദ്ഘാടനവും മറ്റും നടക്കും. 2014 മാര്‍ച്ച് 31ഓടെ ശാഖകളുടെ എണ്ണം 25 ആയി ഉയര്‍ത്തുമെന്നാണ് ധനമന്ത്രാലയം അറിയിച്ചിട്ടുള്ളത്.
1,000 കോടി മൂലധനത്തോടെയാണ് ബേങ്ക് സ്ഥാപിക്കുന്നത്. തുടക്കത്തില്‍ വനിതകള്‍ മാത്രമായിരിക്കും ബേങ്കിന്റെ ഗുണഭോക്താക്കള്‍. ഉഷ അനന്തസുബ്രഹ്മണ്യമാണ് ബേങ്കിന്റെ ചെയര്‍പേഴ്‌സണും എം ഡിയും. എട്ട് വനിതകളാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്ളത്.