കാംപ കോള ഫഌറ്റിലുള്ളവര്‍ മെയ് 31 ന് മുമ്പ് ഒഴിയണം: സുപ്രീം കോടതി

Posted on: November 20, 2013 12:02 am | Last updated: November 21, 2013 at 2:06 pm

മുംബൈ: അനധികൃതമായി നിര്‍മിച്ച മുംബൈയിലെ കാംപ കോള ഫഌറ്റില്‍ താമസിക്കുന്നവര്‍ അടുത്ത വര്‍ഷം മെയ് 31നകം ഒഴിഞ്ഞു പോകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അനുവദിച്ച സമയത്തിനുള്ളില്‍ ഫഌറ്റിലെ താമസക്കാര്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ ഫഌറ്റ് പൊളിച്ചു നീക്കുന്ന നടപടികളുമായി മുംബൈ കോര്‍പ്പറേഷന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. അനധികൃതമായി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഫഌറ്റ് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചത്. നവംബര്‍ 12ന് ഫഌറ്റ് പൊളിച്ചു നീക്കാന്‍ പോലീസ് സന്നാഹവുമായി അധികൃതര്‍ എത്തിയെങ്കിലും താമസക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഇതിനെ തുടര്‍ന്ന് ഫഌറ്റ് പൊളിക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
അനധികൃതമായി കെട്ടിപ്പൊക്കിയ 96 ഫഌറ്റുകള്‍ പൊളിച്ചു നീക്കാനാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. 1981നും 89നും ഇടയിലാണ് ഫഌറ്റുകള്‍ നിര്‍മിച്ചത്. അഞ്ച് നിലകളുള്ള ഫഌറ്റുകളാണ് നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ നഗരസഭാ അധികൃതരുടെ അനുമതിയില്ലാതെ ഇതിലും കൂടുതല്‍ നിലകള്‍ നിര്‍മിക്കുകയായിരുന്നു. 140 ലധികം കുടുംബങ്ങളാണ് കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഫ്‌ളാറ്റുകളില്‍ കഴിയുന്നത്.